
ന്യൂഡൽഹി: ക്യാൻസർ മരുന്നുകളുടെ പുതുക്കിയ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ. 137 ഇനം ക്യാൻസർ മരുന്നുകളുടെ വ്യാപാരലാഭം 30 ശതമാനമായി പരിമിതപ്പെടുത്തിയതോടെ 1,364 ഫോർമുലേഷനുകളുടെ വിലയാണ് കുറഞ്ഞത്. 679 ബ്രാൻഡുകൾക്ക് 50 ശതമാനത്തിലധികം വിലക്കുറവുണ്ട്. 96.45 ശതമാനംവരെ കുറഞ്ഞ മരുന്നുകളുമുണ്ട്.
രോഗികൾക്ക് പ്രതിവർഷം 3,540.38 കോടി രൂപയുടെ ചെലവുലാഭമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.
85 ഔഷധ കമ്പനികൾ സമർപ്പിച്ച വിലവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഔഷധ വിലനിർണയ അതോറിറ്റി (എൻ.പി.പി.എ) വിലനിയന്ത്രണം നടപ്പാക്കിയത്.
സ്തനാർബുദ ചികിത്സയ്ക്കുള്ള പാൽബോസിക്ലിബിന്റെ ഒരു ബ്രാൻഡിന്റെ വില 40,421 രൂപയിൽനിന്ന് 2,720 രൂപയായി കുറഞ്ഞു. കീമോതെറാപ്പി മരുന്നായ തയോട്ടെപ്പയുടെ 100 മില്ലിഗ്രാം കുപ്പിക്ക് 80,072 രൂപയിൽനിന്ന് 7,150 രൂപയായി വില താഴ്ന്നു. അനാസ്ട്രസോൾ, ഡസാറ്റിനിബ്, ബെവാസിസുമാബ് തുടങ്ങിയ മരുന്നുകൾക്കും വില കുറഞ്ഞിട്ടുണ്ട്.
എന്നാൽ, 21ലധികം കാൻസർ വിഭാഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന കീട്രൂഡയുടെ 100 മില്ലിഗ്രാം കുപ്പിയുടെ വില 2,16,500 രൂപയായി തുടരും. 679 ബ്രാൻഡുകളിൽ 146 എണ്ണത്തിന്റെ വിലയിൽ മാറ്റമില്ല. പുതുക്കിയ പരമാവധി ചില്ലറവിലയേക്കാൾ കൂടുതൽ ഈടാക്കാൻ വിതരണക്കാർക്കും ഫാർമസികൾക്കും അനുവാദമില്ല. വിലവിവരങ്ങൾ എൻ.പി.പി.എ വെബ്‌സൈറ്റിലും ഫാർമ സഹി ദാം ആപ്പിലും ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |