
കോട്ടയം : ഒൻപതാം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി 24 പവൻ കൈക്കലാക്കിയ മൂന്ന് പേർ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (19) എന്നിവരെയാണ് പാമ്പാടി പൊലീസ് പിടികൂടിയത്.ഒൻപതാം ക്ലാസുകാരൻ പഠിക്കുന്ന പാമ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളാണിവർ. ട്യൂഷൻ സെന്ററിൽ വച്ചാണ് കുട്ടി പ്രതികളുമായി സൗഹൃദത്തിലാകുന്നത്.
ഇത് മുതലെടുത്താണ് പ്രതികൾ പണവും സ്വർണവും ആവശ്യപ്പെട്ടത്. എന്നാൽ വഴങ്ങാതെ വന്നതോടെ കുട്ടിയെയും, പിതാവിനെയും കള്ളക്കേസിൽ കുടുക്കുമെന്നും അമ്മയെയും സഹോദരിയെയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്നുപോയ കുട്ടി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ സ്വർണാഭരണങ്ങൾ പലതവണകളായി പ്രതികൾക്ക് കൈമാറുകയായിരുന്നു.
മാർച്ച് ആദ്യവാരം ഈമാസം ഏഴ് വരെ വിവിധ ദിവസങ്ങളിലായാണ് പ്രതികൾ സ്വർണം കൈക്കലാക്കിയത്.
കഴിഞ്ഞദിവസം അമ്മയുടെ ഫോൺ ഉപയോഗിച്ച് വിദ്യാർത്ഥി പ്രതികളുമായി നടത്തിയ ചാറ്റുകൾ സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
2 കാർ, 3 ഐ ഫോൺ, 3 ബുള്ളറ്റ്
സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പ്രതികൾ രണ്ട് കാറുകൾ, മൂന്ന് ഐ ഫോണുകൾ, മൂന്ന് ബുള്ളറ്റ് ബൈക്കുകൾ വാങ്ങി ആഡംബര ജീവിതം നയിക്കുകയായിരുന്നു. പണം തീരാറായപ്പോൾ വിദ്യാർത്ഥിയുടെ ഇലക്ട്രിക് സൈക്കിൾ വിറ്റ് പണം നൽകാനും പ്രതികൾ നിർബന്ധിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥി ഇതിന് തയ്യാറായില്ല. പ്ലസ്ടു പൂർത്തിയാക്കിയ പ്രതികൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
''തട്ടിയെടുത്ത സ്വർണം എവിടെയാണ് വിറ്റതെന്നും ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങളും മറ്റ് ആഡംബര വസ്തുക്കളും കണ്ടെത്തുന്നതിനും അന്വേഷണം നടക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
-ജോജൻ ജോർജ്,
പാമ്പാടി എസ്.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |