
തിരുവനന്തപുരം: പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജുവിൽനിന്ന് ഉത്തരം കിട്ടാൻ ചോദ്യാവലി തയ്യാറാക്കി എസ്.ഐ.ടി കാത്തിരിക്കുന്നു. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിൽ പ്രതിയാക്കുന്നതിനു മുന്നോടിയായാണിത്. ഇന്നുച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ്. ഈ വിഷയത്തിൽ റിമാൻഡിലുള്ള രണ്ട് ഉദ്യോഗസ്ഥർ ചെയർമാനെതിരേ മൊഴി നൽകിയെന്നാണ് സൂചന. അവർ വെളിപ്പെടുത്തിയ കാര്യങ്ങളിലെ വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചെയർമാനെ ഇന്ന് വിളിപ്പിച്ചതെന്നാണ് എസ്.ഐ.ടി വൃത്തങ്ങൾ പറയുന്നത്.
ചെയർമാൻ ഹാജരാകില്ലെന്ന് ഇന്നലെ രാത്രി വരെ അറിയിച്ചിട്ടില്ല. പി.എസ്.സിക്കെതിരായ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരട്ടെയെന്ന ന്യായം പറഞ്ഞ് ഹാജരാകാതിരിക്കാനുള്ള സാദ്ധ്യതയും എസ്.ഐ.ടി കാണുന്നുണ്ട്.
അന്വേഷണവുമായി സഹകരിക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ ഏജൻസിയുടെ നോട്ടീസ് അവഗണിച്ചാൽ കോടതിക്ക് സമൻസ് പുറപ്പെടുവിക്കാനും മറ്റൊരു കേസെടുക്കാനുമാവും.
ചെയർമാന്റെ മറുപടി ലഭിച്ച ശേഷം ആവശ്യമെങ്കിൽ റിമാൻഡിലുള്ള ഉദ്യോഗസ്ഥരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ ചെയർമാനെയും ഇവർക്കൊപ്പം ചോദ്യം ചെയ്യും. കേസന്വേഷണത്തിൽ ചെയർമാന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.ജി അജീതാബീഗം നോട്ടീസ് നൽകിയിട്ടുള്ളത്. ഔദ്യോഗിക തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞുമാറാതിരിക്കാൻ മുൻകൂട്ടിയാണ് നോട്ടീസ് നൽകിയത്. ആസൂത്രണബോർഡ് പരീക്ഷാ നടത്തിപ്പിന്റെയും നിയമനത്തിന്റെയും പൂർണ ഉത്തരവാദിത്വം ചെയർമാനായതിനാൽ പ്രതി ചേർക്കുന്നതിലടക്കം തീരുമാനം ഉടനുണ്ടാവുമെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
ചോദ്യങ്ങൾ തയ്യാറാക്കുന്നവരെയും മൂല്യനിർണയം നടത്തുന്നവരെയും തീരുമാനിച്ചത് ചെയർമാൻ ആണെന്നാണ് പി. എസ്. സി അംഗങ്ങളുടെ മൊഴി. ചെയർമാന്റെ ഏകപക്ഷീയ ഇടപെടൽ ഉണ്ടായെന്നും ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയശേഷമാവും കൂടുതൽ നടപടികളെടുക്കുക.
ഐ.ജി വിലയിരുത്തും
പി.എസ്.സി ക്രമക്കേടുകളിലെടുത്ത നാല് കേസുകളുടെ അന്വേഷണ പുരോഗതി ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്ന് വിലയിരുത്തും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമന ക്രമക്കേടിലെടുത്ത കേസ് കൊച്ചിയിലെ എസ്.പിയാണ് അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും അതിവേഗ നടപടികൾക്കാണ് നീക്കം. ഹൈക്കോടതിയിലെ കേസിന്റെ ഉത്തരവ് വരുന്നതുവരെ അന്വേഷണം വൈകിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |