മീനങ്ങാടി: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെയുണ്ടായ വിവാദത്തിന് പിന്നാലെ സ്‌കൂളിലെത്തിയ പ്രിൻസിപ്പൽ ഷിബി കൃഷ്ണനെ വൈകാരികമായി സ്വീകരിച്ച് വിദ്യാർത്ഥികൾ. കെട്ടിപ്പിടിച്ചും കരഞ്ഞുമാണ് വിദ്യാർത്ഥികൾ ഷിബി കൃഷ്ണനോട് സംസാരിച്ചത്. ചില രക്ഷിതാക്കളും അദ്ധ്യാപകനെ കാണാൻ സ്‌കൂളിൽ എത്തിയിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആരോപണങ്ങളിൽ വൈകാരികമായി തകർന്നുപോയെന്ന് ഷിബി കൃഷ്ണൻ കുട്ടികളോട് പറഞ്ഞു.
'ഈ പ്രശ്നങ്ങളുണ്ടാക്കിയവരെ വിടില്ല. കുട്ടികളെയും രക്ഷിതാക്കളെയും സ്‌കൂളിനെയും സമ്മർദത്തിൽ നിർത്തിയവരെ വിടില്ല. എന്റെ സമ്പാദ്യം മുഴുവൻ വിറ്റാലും വിടില്ല' എന്നായിരുന്നു ഷിബി കൃഷ്ണന്റെ വാക്കുകൾ. ചില സങ്കുചിത താൽപര്യങ്ങളുടെ പേരിൽ തന്റെ ഭാഗമോ കുട്ടികളുടെ ഭാഗമോ കേൾക്കാതെ സംഭവം ആഘോഷിക്കുകയാണെന്നും മക്കളും ഭാര്യയും കുടുംബത്തിലെ പ്രായമുള്ള അമ്മയടക്കം തകർന്നു പോയെന്നും അധ്യാപകൻ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് മദ്യപിച്ചോ എന്നറിയാൻ രക്തം പരിശോധനയ്ക്ക് കൊടുത്തത്. ആരും പരാതി അധികൃതർക്ക് കൊടുത്തിട്ടില്ല. തന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിലെ വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് വിനോദയാത്രയ്ക്കുശേഷം സ്‌കൂളിലെത്തിയ പ്രിൻസിപ്പൽ ഷിബി കൃഷ്ണനെയും പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസിനെയും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ വൈദ്യപരിശോധനയിൽ അദ്ധ്യാപകൻ മദ്യപിച്ചില്ലെന്ന് കണ്ടെത്തി. പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസിനെ മദ്യം മണക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും പ്രിൻസിപ്പൽ അറിയിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഹൈദരാബാദിലേക്ക് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും 133 വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയത്. യാത്ര കഴിഞ്ഞ് മടങ്ങവെയാണ് ഇരുവരും മദ്യപിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മൂന്ന് ബസുകളിലായാണ് സ്‌കൂളിൽ നിന്ന് സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. സംഭവത്തിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ റീജിയണൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Meenangadi HSS students emotionally welcomed Principal Shibi Krishnan after he faced alcohol consumption allegations during a school trip. Krishnan denied the claims, with medical tests confirming no alcohol presence. He expressed distress, while the PTA President was reportedly removed from the bus due to smelling of alcohol. An official investigation has been initiated into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |