SignIn
Kerala Kaumudi Online
Thursday, 18 June 2026 3.54 PM IST

ഇന്ത്യയ്ക്ക് ഭീഷണിയായി ജിബൂട്ടിയിലും ചൈനീസ് കപ്പലുകൾ

kk

ബീജിംഗ് : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ ചൈനയുടെ നാവിക താവളം പൂർണ്ണ സജ്ജമാണെന്നും ഇവിടെ യുദ്ധക്കപ്പൽ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ഉപഗ്രഹ ചിത്രങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടത്.

ശ്രീലങ്കയിലെ ഹാംബൻതോട്ട തുറമുഖത്ത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ച് ഉപഗ്രഹ, മിസൈൽ നിരീക്ഷണ ശേഷിയുള്ള ചൈനയുടെ 'യുവാൻ വാങ് - 5" ചാരക്കപ്പൽ എത്തിയതിനിടെയാണ് ജിബൂട്ടിയിലെ നാവികത്താവളം സജീവമാണെന്ന റിപ്പോർട്ട്.

ചൈന വിദേശത്ത് നിർമ്മിച്ച ആദ്യ സൈനിക താവളമാണ് ജിബൂട്ടിയിലേത്. 590 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിച്ച ഇവിടെ 2016 മുതൽ നിർമ്മാണങ്ങൾ തുടരുന്നുണ്ട്. ഏഡൻ ഉൾക്കടലിനെയും ചെങ്കടലിനെയും വേർതിരിക്കുന്ന തന്ത്രപ്രധാനമായ ബാബ് -എൽ-മൻഡേബ് കടലിടുക്കിലാണ് താവളം. അന്താരാഷ്ട്ര സമുദ്രവ്യാപാരത്തിൽ നിർണായകമായ സൂയസ് കനാലിന് സമീപമാണിത്.

പുറത്തുനിന്നുള്ള ആക്രമണങ്ങളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് നാവികത്താവളം നിർമ്മിച്ചത്. 320 മീറ്റർ നീളമുള്ള ബർത്തിംഗ് ഏരിയയിലാണ് ചൈനയുടെ യുദ്ധക്കപ്പൽ വിന്യസിച്ചിട്ടുള്ളത്. 'ചാങ്ങ്‌ബയ് ഷാൻ" എന്ന കപ്പലിന് 800 സൈനികർ, സൈനിക വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ വഹിക്കാനാകും.

കടലിൽ നിന്ന് കരയിലേക്കുള്ള ആക്രമണം മുതൽ രക്ഷാദൗത്യങ്ങളിൽ വരെ ചൈനീസ് സൈന്യത്തിന്റെ നട്ടെല്ലാണ് ഇത്തരം കപ്പലുകൾ. നിലവിൽ ഈ ക്ലാസിലെ അഞ്ച് കപ്പലുകളാണ് ചൈനീസ് നാവികസേനയ്ക്കുള്ളത്.

 ലക്ഷ്യം ?

ശ്രീലങ്കയിലും ജിബൂട്ടിയിലും സാമ്പത്തിക നിക്ഷേപം നടത്തിയാണ് ചൈന ആധിപത്യം സ്ഥാപിക്കുന്നത്. ശ്രീലങ്കയെപ്പോലെ ജിബൂട്ടിയും വിദേശ കടത്തിന്റെ ഭൂരിഭാഗവും കൈപ്പറ്റിയത് ചൈനയിൽ നിന്നാണ്.

യു.എസിനും ഇന്ത്യയ്ക്കും വെല്ലുവിളിയായി ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കലാണ് ജിബൂട്ടിയിലെ നാവികത്താവളം കൊണ്ട് ചൈന ലക്ഷ്യമിടുന്നത്. പാകിസ്ഥാനിലെ ഗ്വാദറിൽ തങ്ങൾ നിർമ്മിച്ച തുറമുഖത്തെയും ഇന്ത്യൻ മഹാസമുദ്രത്തിലെ സ്വാധീനം വ്യാപകമാക്കാൻ ചൈന ഉപയോഗിക്കും. മാത്രമല്ല, ഇന്ത്യയെ സമുദ്രത്തിൽ നിന്ന് വളയുക എന്ന ലക്ഷ്യവും ചൈനയ്ക്കുണ്ടെന്ന് വിലയിരുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA