SignIn
Kerala Kaumudi Online
Saturday, 31 October 2026 11.59 PM IST

 ജഡ്ജിപുത്രന്റെ വാഹനമിടിച്ച് മരണം -- ഉദ്യോഗസ്ഥൻ നേരിട്ടെത്തണം; കേസ് ഡയറിയും ഹാജരാക്കണം

READ ENGLISH VERSION
aa

കൊച്ചി: തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ ഹർജി എറണാകുളം അഡിഷണൽ സെഷൻസ് കോടതി നാളെ വീണ്ടും പരിഗണിക്കും. കാറോടിച്ച കൗമാരക്കാരന്റെ വ്യക്തിവിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. കേസ് ഡയറിയും ഹാജരാക്കണം.

17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ചതിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ആരാഞ്ഞു. പൊലീസ് കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ പല പിഴവുകളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തിരുത്തിയ ഹർജിയാണ് പ്രോസിക്യൂഷൻ ഇന്നലെ സമർപ്പിച്ചത്. ഇതിൽ പതിനേഴുകാരന്റെ പേരുവിവരങ്ങൾ നൽകിയിട്ടില്ല.

വാഹനം ഓടിക്കുമ്പോൾ പ്രതി ഒരു കൈവിട്ട് സെൽഫി എടുത്തിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കനത്ത മഴയായിട്ടും കാർ 108 കിലോമീറ്റർ വേഗത്തിൽ ഓടിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ നിൽക്കേയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയത്. ഡ്രൈവിംഗിനിടെ 17കാരൻ സ്പീഡോമീറ്ററിന്റെ റീലുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ബോർഡ് പരിഗണിച്ചില്ല. ഇത് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ഇൻസ്റ്റ വീഡിയോ നീക്കിയത്

തെളിവു നശിപ്പിക്കൽ

ജാമ്യത്തിലിറങ്ങിയ ഉടൻ 17കാരൻ ഇൻസ്റ്റഗ്രാമിലെ വീഡിയോ നീക്കിയെങ്കിൽ അത് തെളിവു നശിപ്പിച്ചതിന് തുല്യമാകുമെന്ന് കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ സ്വകാര്യത മുൻനിറുത്തിയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കിയതെന്ന് പ്രതിഭാഗം വാദിച്ചു.

കേസ് കേൾക്കുന്നത്

നീതിപീഠം, സമൂഹമല്ല

നരഹത്യാ കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം വാദിച്ചു. പൊതുവികാരം ഉയരുന്നതിനെ കുറിച്ച് പരാമർശിക്കുകയും ചെയ്തു. എന്നാൽ കേസ് കേൾക്കുന്നത് നീതിപീഠമാണെന്നും പൊതുസമൂഹമോ സമൂഹ മാദ്ധ്യമങ്ങളോ അല്ലെന്നും കോടതി പറഞ്ഞു. പൊലീസ് ആദ്യം വിളിച്ചറിയിച്ചത് 17കാരന്റെ പിതാവായ ജഡ്ജിയെ ആണെന്നും തെളിവുകൾ അവർ നശിപ്പിച്ചെന്നും ആരോപണമുണ്ടായി. മൈനറായ ഒരാൾ അപകടമുണ്ടാക്കിയാൽ ആദ്യം വിവരം അറിയിക്കേണ്ടത് രക്ഷകർത്താക്കളെയാണെന്ന് കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA