SignIn
Kerala Kaumudi Online
Saturday, 31 October 2026 11.59 PM IST

 എൽ.പി.എസ്.ടി സമരം: കേസെടുത്ത് പൊലീസ്, വളർമതി ഒന്നാം പ്രതി

aa

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ ആറുദിവസമായി നിരാഹാരസമരം ചെയ്യുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി സെക്രട്ടറി എസ്.വളർമതിയെ ഒന്നാംപ്രതിയാക്കി കന്റോൺമെന്റ് പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിൽ പ്രതിഷേധജാഥ നടത്തിയതിനാണ് നടപടി.

തിരിച്ചറിഞ്ഞ മറ്റ് എട്ടുപേർക്കെതിരെയും കണ്ടാലറിയാവുന്ന 50പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മെയിൻഗേറ്റിൽ മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് എഫ്‌.ഐ.ആർ.

സമരത്തെതുടർന്നുള്ള ചർച്ചയിൽ ഉചിതമായ തീരുമാനമെടുക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. 45ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും അനുകൂലനടപടി ഉണ്ടാകാത്തതിനാലാണ് സമരംശക്തമാക്കിയത്. സമരപ്പന്തലിൽ വളർമതി തല മുണ്ഡനംചെയ്തശേഷം നിരാഹാരസമരം ആരംഭിക്കുകയായിരുന്നു.

സർക്കാരിന് പക:വളർമതി

സർക്കാർ പകയോടെ പെരുമാറുകയാണെന്നും യു.ഡി.എഫ് സർക്കാരിലുള്ള വിശ്വാസമില്ലാതായെന്നും വളർമതി പറഞ്ഞു. കേസെടുത്ത് ഭയപ്പെടുത്തേണ്ട. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. സമരപന്തലിൽ ഉറങ്ങുകയായിരുന്നവരെ വിളിച്ചുണർത്തി പേരുചോദിച്ചാണ് കേസെടുത്തതെന്നും വളർമതി പറഞ്ഞു. ഷാഫിപറമ്പിൽ എം.പി, ഒ.ജെ.ജനീഷ് എന്നിവർ നേതൃത്വം നൽകിയ സമരത്തിനെതിരെ കേസെടുക്കാതെ നീതിക്കായി സമരം ചെയ്യുന്നവർക്കെതിരെയാണ് പൊലീസിന്റെ ധാർഷ്ട്യമെന്നും ആരോപിച്ചു.

നോർത്ത് ഗേറ്റിന് മുന്നിൽ സമരസമിതി നടത്തിയ പ്രകടനത്തിലും ധർണ്ണയിലും വിവിധ ജില്ലകളിലെ നൂറുകണക്കിന് പ്രവർത്തകരെത്തി. വളർമതിയെ കട്ടിലിൽ കിടത്തി ഗേറ്റിന് മുന്നിലെത്തിച്ചു. പ്രവർത്തകരെ കാണാൻ വി.മുരളീധരൻ എം.എൽ.എയെത്തി. വി.ഡി.സതീശൻ സർക്കാർ വന്നിട്ടും യുവാക്കളോടുള്ള സമീപനത്തിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. സമരസമിതിയുടെ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA