SignIn
Kerala Kaumudi Online
Sunday, 01 November 2026 12.24 AM IST

കെ ടെറ്റ് ഇല്ലാത്ത എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകരെ പുറത്താക്കും,​ സ്ഥാനക്കയറ്റം റദ്ദാക്കും

ktet-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2025 സെപ്റ്റംബർ 1 മുതൽ കെ ടെറ്റ് ഇല്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്. സെപ്റ്റംബർ 1 മുതൽ കെ ടെറ്റ് ഇല്ലാതെ പ്രമോഷൻ നൽകിയ അദ്ധ്യാപകരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താനും സ്‌കൂൾ മാനേജർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി.

2025 സെപ്റ്റംബർ 1ന് സുപീംകോടതി പുറപ്പെടുവിച്ച വിധിയുടെയും അനുബന്ധ അപ്പീലുകളിലുള്ള വിധികളുടെയും അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ.വിജയൻ പുറപ്പെടുവിച്ച സർക്കുലറിലാണ് അദ്ധ്യാപകരെ പിരിച്ചുവിടാൻ നിർദ്ദേശിച്ചിട്ടുള്ളത്. കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഇളവുകൾ പിൻവലിച്ചു. ഇതനുസരിച്ച് കെ ടെറ്റ് ഇല്ലാത്തവർക്ക് നിയമന അംഗീകാരമോ സ്ഥാനക്കയറ്റമോ നൽകേണ്ടതില്ല. മാതൃ തസ്തികയ്ക്ക് ആവശ്യമായ കെ ടെറ്റ് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ മാത്രം സ്ഥാനക്കയറ്റമോ സ്ഥാനക്കയറ്റ അംഗീകാരമോ നൽകിയാൽ മതി. പി.എസ്.സിയിൽ നിന്നും അഡൈ്വസ് മെമ്മോ ലഭിച്ചിട്ടുള്ളവർക്ക് കെ ടെറ്റ് ഇല്ലെങ്കിലും നിയമനം നൽകണം. ഇവരുടെ നിയമനം പ്രൊവിഷണലായിരിക്കും. കെ ടെറ്റ് പാസാകുന്ന മുറയ്ക്ക് അവരുടെ അഡൈ്വസ് സീനിയോറിറ്റി നിലനിർത്തി ക്രമീകരിക്കും. സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിട്ടുള്ള സമയപരിധിക്കകം കെ ടെറ്റ് നേടിയില്ലെങ്കിൽ ഇവർ സർവീസിൽ നിന്നും പുറത്താകും.

2025 സെപ്റ്റംബർ 1ന് മുമ്പ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുകയും കെ ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്ത അദ്ധ്യാപകർക്ക് ശമ്പളം നൽകണം. കെ ടെറ്റിന് സമാന യോഗ്യതയുള്ളവർക്ക് 2025 ആഗസ്റ്റ് 31 വരെയുള്ള കാലയളവിലെ ശമ്പളം നൽകാനായി അവരുടെ ദിവസ വേതന നിയമനം അംഗീകരിക്കണം. 2025 സെപ്റ്റംബർ 1ന് മുമ്പ് നിയമന അംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ ഗ്രേഡും ഇൻക്രിമെന്റും കെ ടെറ്റ് ഇല്ലെന്ന കാരണത്താൽ തടയേണ്ടതില്ല. കെ ടെറ്റ് ഇല്ലാതെ ഹെഡ്മാസ്റ്ററായി പ്രെമോഷൻ ലഭിച്ചവർ പിന്നീട് കെ ടെറ്റ് നേടിയിട്ടുണ്ടെങ്കിൽ, അവർക്ക് നിയമന അംഗീകാരം നൽകണം. സർവീസിൽ നിന്നും വിരമിച്ചിട്ടുെണ്ടങ്കിലും കെ ടെറ്റ് നേടിയിട്ടുണ്ടെങ്കിൽ ഈ വ്യവസ്ഥ ബാധകമാണ്.

ഈ വ്യവസ്ഥകൾ പാലിക്കുന്ന നിയമന അംഗീകാര പ്രൊപ്പോസലുകൾ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അപ്പലേറ്റ് ഉത്തരവിന് കാത്തുനിൽക്കാതെ നിയമന അംഗീകാരം നൽകണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET, K TET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA