
തിരുവനന്തപുരം: പി.എസ്.സിയുടെ ആസൂത്രണബോർഡ് ചീഫ് പരീക്ഷാ മൂല്യനിർണയത്തിലുണ്ടായത് സാങ്കേതിക പിഴവല്ലെന്ന് ക്രൈംബ്രാഞ്ച് തെളിയിച്ചത് ഡെമ്മി പരീക്ഷയിലൂടെ. സോഫ്‌റ്റ്‌വെയറിലെ തകരാറെന്നായിരുന്നു പ്രതികളായ അഡി.സെക്രട്ടറി ആർ.ഹരിയും റിട്ട ഡെപ്യൂട്ടിസെക്രട്ടറി പി.സതീഷും വാദിച്ചത്. ഓൺ സ്ക്രീൻ മാർക്കിംഗ് സോഫ്‌റ്റ്‌വെയർ സി-ഡാക്ക്, സി-ഡിറ്റ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരെയെത്തിച്ച് എസ്.ഐ.ടി പരിശോധിച്ചു. ആസൂത്രണ ബോർഡ് പരീക്ഷയ്ക്കു സമാനമായി 228പേരുടെ ഡെമ്മിപരീക്ഷ നടത്തി അതിന്റെ ഉത്തരക്കടലാസ് സ്കാൻ ചെയ്ത് മൂല്യനിർണയം നടത്തിനോക്കി. അപ്പോഴാണ് എല്ലാചോദ്യങ്ങളും മൂല്യനിർണയം നടത്തുംമുൻപ് സോഫ്‌റ്റ്‌വെയറിൽ പ്രതികൾ ലോഗിൻചെയ്ത് മൂല്യനിർണയം മനഃപൂർവം അവസാനിപ്പിച്ചതാണെന്ന് കണ്ടെത്തിയത്. സെർവറിലെ ലോഗിൻ ഡേറ്റയാണ് പ്രതികൾക്ക് കുരുക്കായത്.
ഹരിയാണ് ലോഗിൻ ചെയ്ത് മൂല്യനിർണ്ണയം അവസാനിപ്പിച്ചത്. മൂല്യനിർണയ ക്യാമ്പ് ഓഫീസറായിരുന്നു സതീഷ്.
228 ഉദ്യോഗാർത്ഥികളുടെ എല്ലാ ചോദ്യോത്തരങ്ങളും മൂല്യനിർണ്ണയം നടത്തിയ ശേഷമേ മൂല്യനിർണ്ണയ ക്യാമ്പ് അവസാനിപ്പിക്കാവൂ എന്നറിയാമായിരുന്ന പ്രതികൾ, മനഃപൂർവ്വം നടത്തിയ തട്ടിപ്പാണിത്.
നിരവധി മൂല്യനിർണ്ണയ ക്യാമ്പുകളിൽ ക്യാമ്പ് ഓഫീസറായിരുന്ന സതീഷിന് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുണ്ടെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.
അർഹരായ ഉദ്യോഗാർത്ഥികൾക്ക് റാങ്കും നിയമനവും നഷ്ടപ്പെടുത്തണമെന്നും അനർഹനായ ഉദ്യോഗാർത്ഥിക്ക് നിയമനം നേടിക്കൊടുക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു.
പൊതു ഒന്നാംപേപ്പറിൽ 51പേരുടെ ഒന്നുമുതൽ 9വരെയുള്ള ഉത്തരങ്ങളും, 18മുതൽ 28വരെയുള്ള ഉത്തരങ്ങളും മൂല്യനിർണയം നടത്തി. ബാക്കിയുള്ള 177ഉദ്യോഗാർത്ഥികളുടെ ഒന്നു മുതൽ 8വരെയുള്ള ഉത്തരങ്ങളും 18മുതൽ 28വരെയുള്ള ഉത്തരങ്ങളുമാണ് മൂല്യനിർണയം നടത്തിയത്. 10മുതൽ 18വരെയുള്ള ആരുടേയും ഉത്തരങ്ങൾ (58മാർക്കിന്റെ) മൂല്യനിർണയം നടത്തിയില്ല.
മൂല്യനിർണയ ഡേറ്റയിലും തിരിമറി നടന്നിട്ടുണ്ടോയെന്ന് ഫോറൻസിക് ലാബിലെ സൈബർ വിഭാഗം പരിശോധിക്കും.
അഡി.സെക്രട്ടറി
കുറ്റം സമ്മതിച്ചെന്ന്
#എക്സാമിനേഷൻ ആൻറ് റിസൾട്ട് വിംഗിൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച പി.സതീഷ് (57) ഒന്നും, അഡിഷണൽ സെക്രട്ടറി ആർ.ഹരി (53) രണ്ടും പ്രതികളാണ്. ഡിവൈ.എസ്.പി അജയ്നാഥിന് മുന്നിൽ ആർ.ഹരി കുറ്റംസമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. ഹരിയുടെ ആപ്പിൾ ഐഫോൺ പിടിച്ചെടുത്തു. കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഹരിയെ വിജിലൻസ് കോടതി 13വരെ റിമാൻഡ് ചെയ്തു.
ജീവപര്യന്തം വരെ കിട്ടാവുന്ന ബി.എൻ.എസ് 316(5), അഴിമതിനിരോധന നിയമത്തിലെ 7(സി), 13(1)(എ) വകുപ്പുകളാണ് ചുമത്തിയത്. മുഹമ്മ സ്വദേശി വി.എസ് ജയലാലിന്റെ പരാതിയിലാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |