
കോട്ടയം: തട്ടുകടക്കാർ തമ്മിലുള്ള തർക്കത്തിനിടെ പൊലീസുകാരൻ ശ്യാം പ്രസാദിനെ ചവിട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ ജിബിൻ ജോർജ് നിരന്തര കുറ്റവാളി.
വധശ്രമം, മോഷണം, ലഹരി ഉപയോഗം അടക്കമുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ട്. പ്ലസ്ടുവിന് ശേഷം പഠനത്തിനും, ജോലിക്കുമായി ഇയാൾ സിംഗപ്പൂരിലേക്ക് പോയെങ്കിലും അവിടെ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന് ഇവിടെയെത്തി ലഹരിമാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചു.
എം.ജി സർവകലാശാല റിട്ട. ജീവനക്കാരനായ പിതാവിനെയും ആക്രമിച്ചു. ലഹരി ഉപയോഗത്തിന് പണം നൽകാത്തതിനുള്ള വിരോധമായിരുന്നു കാരണം. വാക്കുതർക്കത്തിനിടെ ചവിട്ടി താഴെയിട്ട ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രണ്ടുവർഷം മുമ്പ് കുമാരനല്ലൂർ ക്ഷേത്ര ഉത്സവത്തിന്റെ ആറാട്ടിനിടെ ക്ഷേത്ര ഭാരവാഹിയുടെ തലയ്ക്ക് വിളക്കിന് അടിച്ച് പരിക്കേൽപ്പിച്ചു.
അതേസമയം, ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടിട്ടും ജിബിനെതിരെ പൊലീസ് കാപ്പ ചുമത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. പുതുവർഷത്തലേന്ന് കരുതൽ തടങ്കലിലാക്കിയെങ്കിലും പിറ്റേന്ന് വിട്ടു. പ്രതിയുടെ തുടർനീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും ആക്ഷേപമുണ്ട്. ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയായിട്ടും കണ്ണടച്ചു.
ശ്യാം പ്രസാദിന് അന്ത്യാഞ്ജലി
കോട്ടയം പൊലീസ് ക്ലബിലും വെസ്റ്റ് സ്‌റ്റേഷനിലും പൊതുദർശനത്തിന് വച്ച ശ്യാം പ്രസാദിന്റെ മൃതദേഹത്തിൽ സഹപ്രവർത്തകരടക്കം അന്ത്യാഞ്ജലിയർപ്പിച്ചു. മന്ത്രി വി.എൻ.വാസവൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് എന്നിവരും അന്തിമോപചാരമർപ്പിച്ചു.
''പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും. കാപ്പ ചുമത്തപ്പെടേണ്ടതായിരുന്നോ എന്ന് അന്വേഷിക്കും.
-ഷാഹുൽ ഹമീദ്,ജില്ലാ പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |