
തിരുവനന്തപുരം: ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം നിയമവിരുദ്ധമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ചെയർമാന്റെ കാലാവധി 2024ൽ അവസാനിച്ചതാണന്ന ആരോപണവും യൂണിവേഴ്സിറ്റി നിഷേധിച്ചു. 2021-ലെ ആക്ട് 10 പ്രകാരം സ്ഥാപിതമായ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ ചെയർമാന്റെ കാലാവധി സംബന്ധിച്ച് യാതൊരു നിശ്ചിത വ്യവസ്ഥയും ആക്ടിൽ പരാമർശിക്കുന്നില്ല. ചെയർമാൻ നോമിനേറ്റ് ചെയ്യുന്ന വിദഗ്‌ധ അംഗങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധി ബാധകമാണെന്നും അത് രണ്ട് വർഷം കൂടി നീട്ടാവുന്നതാണെന്നും മാത്രമേ നിയമത്തിൽ പറയുന്നുള്ളൂ. ഈ വ്യവസ്ഥ ചെയർമാന് ബാധകമാണെന്ന് വ്യാഖ്യാനിക്കുന്നത് ബോധപൂർവമായ തെറ്റിദ്ധാരണ പരത്തലാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഫാക്കൽറ്റി നിയമനങ്ങൾ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയെന്ന ആരോപണം അസത്യമാണ്. യു.ജി.സി നിയമങ്ങളും സർവകലാശാലകൾക്ക് ബാധകമായ സംവരണ നയങ്ങളും കർശനമായി പിന്തുടർന്ന്, യഥാവിധി രൂപീകൃതമായ സെലക്ഷൻ കമ്മിറ്റികൾ മുഖേന മാത്രമാണ് എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളത്.
സർവകലാശാല ശമ്പള ആവശ്യങ്ങൾക്ക് സർക്കാരിൽ നിന്ന് നോൺ-പ്ലാൻ ഗ്രാന്റ് സ്വീകരിക്കുന്നില്ല. 80 ശതമാനത്തിലധികം ആവശ്യകതകളും ഗവേഷണ-കൺസൾട്ടൻസി പ്രൊജക്ടുകളിൽ നിന്ന് സ്വയം കണ്ടെത്തുകയാണ്. ഈ സാഹചര്യത്തിൽ ഉയർന്ന നിലവാരത്തിലുള്ള നിയമനങ്ങൾ നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായി സെലക്ഷൻ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുക എന്ന പതിവ് അനിവാര്യമാണ്. ഭ
ചാൻസലർ നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായി സെലക്ഷൻ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുക എന്ന പതിവ് ഭരണനടപടി മാത്രമാണ് ബോർഡ് ഓഫ് ഗവേർണൻസ് അജണ്ടയിൽ ഉള്ളത്. ഇതിനെ സംവരണ നയം ദുർബലപ്പെടുത്തൽ ആയി ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടി.
സി.എ.ജി ഓഡിറ്റിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയെന്ന ആരോപണത്തിൽ ഒരു അടിസ്ഥാനവുമില്ലെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി. സി.എ.ജി ചില നിരീക്ഷണങ്ങൾ സംബന്ധിച്ച് സർവകലാശാലയുടെ അഭിപ്രായം തേടി ഒരു പ്രാഥമിക റിപ്പോർട്ട് മാത്രമാണയച്ചിട്ടുള്ളത്; അതിന് വിശദമായ മറുപടി ഇതിനകം നൽകിക്കഴിഞ്ഞു. മാത്രവുമല്ല.ഓഡിറ്റ് പ്രക്രിയ ഇനിയും പൂർത്തിയായിട്ടില്ല അതുകൊണ്ട് തന്നെ "ഓഡിറ്റ് ക്രമപ്പെടുത്താൻ യോഗം വിളിച്ചെന്ന ആരോപണം നിയമപരമായിത്തന്നെ നിലനില്ക്കുന്നതല്ലെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |