
കൊച്ചി: ഫിഷറീസ് ശാസ്ത്രജ്ഞനും കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ (കുഫോസ്) സ്ഥാപക വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. ബി. മധുസൂദനക്കുറുപ്പ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നെട്ടൂരിലെ വസതിയായ ജയം ഹൗസ് വളപ്പിൽ നടന്നു. തിരുവനന്തപുരം മടവൂർ കൃഷ്ണവിലാസം കുടുംബാംഗമാണ്.
ഭാര്യ:ഡോ. ജയശ്രീ മധു. മക്കൾ:രാകേഷ് എം. കുറുപ്പ് (ഇൻഫോ പാർക്ക്,കൊച്ചി),ഡോ. രേഷ്മ രാജീവ് (മെഡിക്കൽ ഓഫീസർ,ആരോഗ്യവകുപ്പ്). മരുമക്കൾ:എസ്. ജയലക്ഷ്മി (മീഡിയ കോഓർഡിനേറ്റർ,അന്ന കിറ്റെക്സ് ഗ്രൂപ്പ്),ഡോ. ആർ. രാജീവ് (സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജൻ,മാർ സ്ലീവാ മെഡിസിറ്റി,പാലാ).
അക്വാക്കൾച്ചർ,മറൈൻ ഫിഷറീസ് എന്നിവയിലടക്കം 250ലേറെ ഗവേഷണ പ്രബന്ധങ്ങളും 11 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. എട്ട് പുതിയ ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി. കുസാറ്റ് സ്കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ ഡയറക്ടറായി പ്രവർത്തിച്ച മധുസൂദനക്കുറുപ്പാണ് കുഫോസ് രൂപീകരണത്തിന് മുൻകൈയെടുത്തത്. ഒട്ടേറെ ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകി. വി.എസ്. മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രി എസ്. ശർമ്മയുടെ ഉപദേഷ്ടാവായിരുന്നു. നെതർലൻഡ്സിലെ വാഗനിംഗൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി. ഉത്തർപ്രദേശിലെ ഗജ്രൗളയിലുള്ള ശ്രീവെങ്കിടേശ്വര യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. അക്വാഗ്രിസ് അവാർഡ്,മേരി ക്യൂറി ഫെലോഷിപ്പ്,പണ്ഡിറ്റ് കറുപ്പൻ അവാർഡ്,അബ്ദുൾ കലാം ഗോൾഡ് മെഡൽ,ഡോ. എസ്. ജോൺസ് സെന്റിനറി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |