
കൊച്ചി: മുൻകൂട്ടി നിശ്ചയിച്ച് രജിസ്‌റ്റർ ചെയ്യുന്ന സിനിമാപ്പേര് മാറ്റാൻ ഫിലിം സെൻസർ ബോർഡിന് അധികാരം നൽകിയതിനെ എതിർത്ത് സിനിമാ സംഘടനകൾ. സിനിമയുടെ ക്രിയാത്‌മകതയെയും നിർമ്മാണ, പ്രദർശന ഘട്ടങ്ങളെയും ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് സെൻസർ ബോർഡിന് നിവേദനം നൽകി.
സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) ഒക്ടോബർ 16ന് പുറത്തിറക്കിയ പുതിയ വ്യവസ്ഥകളിലാണ് സെൻസറിംഗ് നടപടികൾക്കിടയിൽ പേരു മാറ്റാൻ ബോർഡിന് അധികാരമുണ്ടെന്ന നിബന്ധന ഉൾപ്പെടുത്തിയത്. ഇത് സിനിമയെ ഗുരുതരമായി ബാധിക്കുമെന്ന നിലപാടിലാണ് നിർമ്മാതാക്കളും സാങ്കേതികപ്രവർത്തകരും .
നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പേര് കേരള ഫിലിം ചേംബറിൽ രജിസ്‌റ്റർ ചെയ്യുന്നതാണ് നിലവിലെ രീതി. വ്യക്തികളെയോ സമൂഹത്തെയോ സംഘടനയെയോ അവഹേളിക്കുന്നതല്ലെന്ന് ചേംബറിന്റെ സമിതി ഉറപ്പാക്കിയശേഷമാണ് അംഗീകാരം നൽകുക. ആ പേരിലാണ് വിതരണം, വിപണനം, പ്രചാരണം തുടങ്ങിയവ നടത്തുന്നത്. സെൻസറിംഗ് സമയത്ത് പേര് മാറ്റുന്നത് കടുത്ത പ്രതിസന്ധിക്കും അധികച്ചെലവിനും ബോർഡിന്റെ അമിതാധികാരത്തിനും കാരണമാകുമെന്ന് സംഘടനകൾ പറയുന്നു.
പൂർണമായ സിനിമകൾ മാത്രം
# അപൂർണമായ സിനിമകൾ സെൻസറിംഗിന് സ്വീകരിക്കില്ല. പശ്ചാത്തല സംഗീതം, ഗ്രാഫിക്‌സ്, ശബ്‌ദമിശ്രണം, ക്രെഡിറ്റുകൾ, സബ് ടൈറ്റിൽ തുടങ്ങിയവയെല്ലാം പൂർത്തിയാക്കിയ ശേഷമേ സിനിമകൾ സ്വീകരിക്കൂ. സർട്ടിഫിക്കറ്റ് നൽകിയശേഷം മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ പാടില്ല.
''സിനിമയുടെ ഇതിവൃത്തവുമായി ബന്ധമുള്ള പേര് ബോർഡ് മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല. മറ്റു വ്യവസ്ഥകളോട് എതിർപ്പില്ല.""
-സോണി തോമസ്
ജനറൽ സെക്രട്ടറി
കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |