
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) പദ്ധതികൾ ജനുവരിയിൽ തന്നെ പൂർത്തിയാക്കണം. പദ്ധതികൾ നിർമ്മിക്കുന്ന എൻ.എച്ച്.പി.സി, എൻ.ടി.പി.സി, ടാറ്റാ കമ്പനികൾക്ക് കെ.എസ്.ഇ.ബി സി.എം.ഡി എൻ. പ്രശാന്ത് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.
വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് നടപടി.
അതേസമയം ചൈനയിൽ നിന്ന് ബാറ്ററി കിട്ടാത്തതാണ് പദ്ധതികൾ വൈകാൻ കാരണമെന്ന് കമ്പനികൾ പ്രതിസന്ധികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ബാറ്ററി വിലയും കൂടി. കാസർകോട് മുള്ളേരിയയിലെ 15 മെഗാവാട്ട് പദ്ധതി മാത്രമാണ് പൂർത്തിയായത്. മൈലാട്ടിയിലെ ബെസ് ഡിസംബറിൽ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടത്. പക്ഷേ ബാറ്ററി എത്തിയിട്ടില്ല.
ബാറ്ററി കിട്ടാത്തതിനാൽ പോത്തൻകോട്, ശ്രീകണ്ഠാപുരം, അരീക്കോട് എന്നിവിടങ്ങളിലെ പദ്ധതികളും പ്രതിസന്ധിയിലാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ചൈനയടക്കമുള്ള രാജ്യങ്ങൾ എനർജി സ്റ്റോറേജിന് പ്രധാന്യം നൽകിയതാണ് തിരിച്ചടിയായത്.
കാറ്റാടി വൈദ്യുതിയ്‌ക്ക് പുതിയ അപേക്ഷ
സംസ്ഥാനത്ത് കാറ്റാടി നിലയങ്ങളിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയുടെ കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കെ.എസ്.ഇ.ബി വീണ്ടും റെഗുലേറ്ററി കമ്മിഷനെ സമീപിക്കും. ഇതുസംബന്ധിച്ച നടപടികൾക്ക് കമ്മിഷൻ അനുമതി നൽകിയിരുന്നു. ചില വ്യവസ്ഥകൾ കെ.എസ്.ഇ.ബിക്ക് ബാദ്ധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടർ ബോർഡിന്റെ തീരുമാന പ്രകാരം കമ്മിഷനെ സമീപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |