
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തിയിലെ ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ കൊടിയേറി. പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ശേഷമായിരുന്നു കൊടിയേറ്റ്. ഇതോടെ ദിവസങ്ങൾ നീളുന്ന ഉത്സവാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
ഉത്സവദിനങ്ങളിൽ വിവിധ ദേവതകളുടെ എഴുന്നള്ളത്ത് നടക്കും. പ്രത്യേക പൂജകളുമുണ്ട്. അഞ്ചാം തിരുനാളിലെ പല്ലക്ക് രഥസംഗമവും പ്രധാന ചടങ്ങുകളിലൊന്നാണ്. 14ന് വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥാരോഹണത്തോടെ പ്രധാന രഥപ്രയാണത്തിന് തുടക്കമാകും.
15ന് മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥവും 16ന് പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലെയും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെയും രഥങ്ങൾ പ്രയാണം തുടങ്ങും. മൂന്നാം തേരുത്സവദിനത്തിൽ തേരുമുട്ടിയിൽ നടക്കുന്ന ദേവരഥസംഗമമാണ് ഉത്സവത്തിലെ പ്രധാന ആകർഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |