
സംസ്ഥാനത്തെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ /ഓട്ടോണമസ് കോളേജുകളിലെ കോഴ്സുകൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയുമായി (എൻ.ഒ.സി) ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള പുതിയ സർക്കുലറിൽ ഭരണപരമായ കാലവിളംബം കുറയ്ക്കാനുള്ള മാർഗനിർദ്ദേശങ്ങൾ സ്വാഗതാർഹമാണെങ്കിലും, അടിസ്ഥാനപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാവുന്ന ചില ആനുകൂല്യങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്.
1.രണ്ടുമാസം മുമ്പ് പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കി ഘടനാപരമായ വ്യതിയാനങ്ങൾ ഉൾക്കൊള്ളുന്നപുതിയ സർക്കുലർ പുറപ്പെടുവിക്കാനുണ്ടായ അടിയന്തര സാഹചര്യം വ്യക്തമാക്കുന്നില്ല. സർവകലാശാലകളിലും കോളേജുകളിലും ഭാഗഭാക്കുകളാകുന്ന കക്ഷികളെയെല്ലാം കേട്ടതിനുശേഷമാണോ പുതിയ സർക്കുലർ പുറപ്പെടുവിച്ചതെന്നും വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ മാനേജ്മെന്റുകളുടെ താത്പര്യങ്ങൾ മാത്രം പരിഗണിച്ചുള്ള സർക്കുലറാണെന്ന ആക്ഷേപത്തിന് വഴിതെളിക്കുന്നു.
2.ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന വ്യവസ്ഥയാണ് പുതിയ സർക്കുലറിലെ നാലാമത്തെ ആനുകൂല്യം. സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ/ ഓട്ടോണമസ്(എയ്ഡഡ്) കോളേജുകളിൽ അൺ എയ്ഡഡ്/സ്വാശ്രയ സ്ട്രീമിന് കീഴിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ അല്ലെങ്കിൽ നിലവിലുള്ള കോഴ്സുകളിൽ സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കുന്നതിനോ എൻ.ഒ.സി ആവശ്യമില്ലെന്ന വ്യവസ്ഥ പരിഹരിക്കുന്നതിലേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യവസ്ഥയാകുന്നു.
പുതിയ കോഴ്സുകൾ ആരംഭിക്കാൻ പാകത്തിലുള്ള ലാബടക്കമുള്ള സൗകര്യങ്ങളുണ്ടോ, യു.ജി.സി യോഗ്യതയുള്ള അദ്ധ്യാപകർ അധികമായി ലഭ്യമാണോ, ഫീസിന്റെ ഘടന, അഡ്മിഷൻ മാനദണ്ഡങ്ങൾ എന്നിവയൊക്കെ പരിശോധിച്ചശേഷമാണ് എൻ.ഒ.സി നൽകുന്നത്. ഈ വ്യവസ്ഥ ഒഴിവാക്കി മാനേജ്മെന്റുകൾക്ക് യഥേഷ്ടം പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നത് പൊതുവിൽ ദോഷം ചെയ്യുമെന്നാണ് കഴിഞ്ഞകാല അനുഭവങ്ങൾ തെളിയിക്കുന്നത്.
3.സാധാരണ സെൽഫ് ഫിനാൻസിംഗ് കോളേജാണെങ്കിൽ, പുതിയ കോഴ്സുകൾ ആരംഭിക്കാനും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കാനും മുൻകൂർ അനുമതി ആവശ്യമാണെന്ന് രണ്ടാമത്തെ വ്യവസ്ഥ നിഷ്കർഷിക്കുന്നു. പക്ഷേ അവർ തന്നെ ഓട്ടോണമസ് ആയാൽ യഥേഷ്ടം കോഴ്സുകൾ ആരംഭിക്കാമെന്ന് നാലാമത്തെ വ്യവസ്ഥയിൽ ആനുകൂല്യവും നൽകുന്നു. അതുപോലെ, അൺഎയ്ഡഡ് കോളേജുകൾ സെൽഫ് ഫിനാൻസ് കോഴ്സ് തുടങ്ങുന്നതിന് അനുമതി വേണമെന്ന് പറയുമ്പോൾതന്നെ, എയ്ഡഡ് ഓട്ടോണമസ് കോളേജുകളിൽ സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്ക് അനുമതി വേണ്ടെന്നും പറയുന്നു. ഇതൊക്കെ വൈരുദ്ധ്യങ്ങളാണ്.
4. 2019ൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓട്ടോണമസ് കോളേജുകളെക്കുറിച്ച് അവലോകനം നടത്തിയിരുന്നു. അതിലുയർന്ന വലിയൊരാക്ഷേപം എയ്ഡഡ് ഓട്ടോണമസ് കോളേജുകൾ നടത്തുന്ന സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല എന്നതാണ്.
എയ്ഡഡ് കോഴ്സുകൾക്കായി സ്ഥാപിച്ചിട്ടുള്ള പശ്ചാത്തല സഹായം അടക്കമുള്ള സൗകര്യങ്ങൾ സെൽഫ് ഫിനാൻസിംഗ്കോഴ്സുകൾക്കായി പലപ്പോഴും വിനിയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഫലത്തിൽ എയ്ഡഡ് കോഴ്സുകളുടെയും സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെയും ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആക്ഷേപവും ഉന്നയിക്കപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |