SignIn
Kerala Kaumudi Online
Saturday, 13 June 2026 10.26 PM IST

ബാലറ്റിൽ ചിഹ്നം വരുത്തിയ അക്കിടി കുതിരയ്ക്ക് 'കൂന്', ജയം ആനയ്ക്ക്

READ ENGLISH VERSION
election

കോട്ടയം: 1964ൽ പിറന്ന കേരള കോൺഗ്രസിന്റെ ആദ്യ ചിഹ്നം കുതിരയായിരുന്നു. പാർട്ടി പിളർത്തി മാറിയപ്പോൾ പി.ജെ.ജോസഫിന് (കേരള കോൺഗ്രസ് ജെ) കിട്ടിയത് ആന ചിഹ്നം. 1980ൽ ഇരുഗ്രൂപ്പുകളും നേർക്കുനേർ മത്സരിച്ചപ്പോൾ ജയം ജോസഫ് ഗ്രൂപ്പിന്. കുതിര ചിഹ്നത്തിനൊപ്പം ബാലറ്റ് പേപ്പറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഒട്ടകചിഹ്നം കൂടി വന്നതോടെ വോട്ടർമാർക്കുണ്ടായ ആശയക്കുഴപ്പമാണ് ജോസഫ് ഗ്രൂപ്പിന്റെ അട്ടിമറി വിജയത്തിന് വഴിവച്ചതെന്ന് വിലയിരുത്തലുണ്ടായി.

1980ലെ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ ലോക്‌‌സഭ മണ്ഡലത്തിൽ പ്രധാന എതിരാളികൾ സിറ്റിംഗ് എം.പി ജോർജ് ജെ. മാത്യു (കേരളകോൺഗ്രസ് എം), ജോർജ് ജോസഫ് (കേരള കോൺഗ്രസ് ജെ) എന്നിവരായിരുന്നു. ജോർജ് ജെ. മാത്യുവിന് കുതിര ചിഹ്നവും ജോർജ് ജോസഫിന് ആന ചിഹ്നവും. സ്വതന്ത്രന്മാരായി രണ്ട് ജോർജുമാർ. അതിൽ എൻ.വി.ജോർജിന്റെ ചിഹ്നം ഒട്ടകം.

തിരഞ്ഞെടുപ്പിൽ വിജയിച്ച ജോർജ് ജോസഫിന് 4330 വോട്ടിന്റെ ഭൂരിപക്ഷം. പോൾ ചെയ്ത 36,30,229 വോട്ടിൽ അസാധുവായത് 4339 വോട്ട്. സ്വതന്ത്രൻമാരിൽ എൻ.വി ജോർജിന് കിട്ടിയത് 11859 വോട്ട്. കാഴ്ചയിൽ ഏതാണ്ട് സാമ്യമുള്ള കുതിര, ഒട്ടക ചിഹ്നങ്ങൾ പലർക്കും പരസ്പരം മാറിപ്പോയതാണ് പ്രശ്നമായതെന്ന് കേരള കോൺഗ്രസ് എം വിലയിരുത്തി.

ഒട്ടകത്തിന്റെ പുറത്തുള്ള കൂന് ശ്രദ്ധിക്കാതെ കാഴ്ചക്കുറവുള്ളവരടക്കം കുതിരയെന്നു കരുതി വോട്ട് ചെയ്തു. അങ്ങനെ ഒട്ടക ചിഹ്നമുള്ള സ്വതന്ത്രന് പതിനൊന്നായിരത്തിലധികം വോട്ട്. ചിഹ്നം മാറിയോ എന്നു സംശയം തോന്നിയവർ വീണ്ടും കുതിരയ്ക്ക് വോട്ട് ചെയ്തതോടെ അസാധുവിന്റെ എണ്ണവും കൂടി. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ചില‌‌ർ ‘എന്നാ കൊച്ചേ ഈ കുതിരയ്ക്ക് ഒരു കൂന്’ എന്ന് സംശയം ഉന്നയിച്ചത് അന്ന് വോട്ടർമാർക്കിടയിൽ ചർച്ചയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA