SignIn
Kerala Kaumudi Online
Sunday, 07 June 2026 12.43 PM IST

അലക്‌സ് വർഗീസ് ആലപ്പുഴ കളക്ടർ ജോൺ വി.സാമുവൽ നഗരകാര്യ ഡയറക്ടർ

READ ENGLISH VERSION
alex

ആലപ്പുഴ: ജോൺ വി.സാമുവലിനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തുനിന്ന് മാറ്റി പകരം അർബൻ അഫയേഴ്‌സ് ഡയറക്ടറായിരുന്ന അലക്സ് വർഗീസിനെ നിയമിച്ചു.

വ്യാഴാഴ്ച രാത്രി 10.30നാണ് ഉത്തരവിറങ്ങിയത്. ഇന്നലെ രാവിലെ പത്തിന് അലക്സ് വർഗീസ് ചുമതലയേറ്റു. ജോൺ വി.സാമുവലിനെ നഗരകാര്യ ഡയറക്ടറായി നിയമിച്ച് ഇന്നലെ ഉത്തരവിറക്കി.

ദിവസങ്ങൾക്ക് മുമ്പ് ചീഫ് ഇലക്ടറൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കളക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതും സി.പി.ഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലുമായുള്ള ഭിന്നതയുമാണ് ജോൺ സാമുവലിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

രണ്ടു വർഷത്തിനിടെ ആലപ്പുഴയിലെ ഏഴാമത്തെ കളക്ടറാണ് അലക്സ് വർഗീസ്. കൊല്ലം കുണ്ടറ സ്വദേശിയായ അലക്സ് വർഗീസ് 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. രജിസ്ട്രാർ ഒഫ് കോ ഓപ്പറേറ്റീവ്‌സ്, അമൃത് മിഷൻ ഡയറക്ട‍ർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് ചീഫ് എൻജിനിയറായിരുന്നു. മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഭാര്യ: രേഖ അലക്സ് (വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ), മക്കൾ: രോഹത്ത് വർ‌ഗീസ് അലക്സ് (ടാറ്റ മോട്ടോഴ്സ്, ടെറിട്ടോറിയൽ മാനേജർ), മെറി ആൻ അലക്സ് (മെഡിക്കൽ എം.ഡി വിദ്യാർത്ഥിനി),​ രൂപൽ (പത്താം ക്ളാസ് വിദ്യാർത്ഥി).

ജോൺ സാമുവലിന്റെ

മാറ്റത്തിന് പിന്നിൽ

ചീഫ് ഇലക്ടറൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കളക്ടറെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്ന സംഭവത്തിൽ ഇലക്ടറൽ ഓഫീസർക്ക് വിശദീകരണം തേടേണ്ടിവന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ജോൺ വി.സാമുവലിനെ മാറ്രിയതിന് പിന്നിലെന്നാണ് സൂചന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറ്റേറ്റിൽ ചേർന്ന യോഗത്തിനാവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കാത്തതും വിവാദമായിരുന്നു. നവകേരള സദസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തു നിന്നെത്തിയ ചില വകുപ്പ് മേധാവികൾക്കും കളക്ടറുമായി ഉരസേണ്ടി വന്നിരുന്നു.

കളക്ടറേറ്റിലെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ജോൺ സാമുവലുമായി സി.പി.ഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

രാജമാണിക്യത്തിന്

അമൃത് മിഷന്റെ ചുമതല

തിരുവനന്തപുരം: തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യത്തിന് അമൃത് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 100 DAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA