SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.05 AM IST

യു.ഡി.എഫ് സർക്കാരിനെ നയിക്കുന്നത് ഗുരുദേവദർശനം: മുഖ്യമന്ത്രി

sivagiri
f

ശിവഗിരി: ശ്രീനാരായണഗുരുദർശനം ഉൾക്കൊണ്ടുള്ള പ്രവർത്തനമാവും യു.ഡി.എഫ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. 99-ാമത് മഹാസമാധി സമ്മേളനത്തിന്റെയും മഹാസമാധി ശതാബ്ദിയാചരണ പരിപാടികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജാതിയുടെയും മതത്തിന്റെയും പിൻതിരിപ്പൻ ആശയങ്ങളുടെയും പിടിയിൽ നിന്നു കേരളത്തെ മോചിപ്പിക്കാനുള്ള പോരാട്ടം തുടരും. ഗുരുദേവൻ കേരളത്തിന്റെ മനസിൽ പതിപ്പിച്ച ആശയങ്ങൾ കാലാതിവർത്തിയാണ്. നൂറ്റാണ്ടുകളോളം പിന്നിലേക്ക് നടന്നിരുന്ന ജനതയെ കൈപിടിച്ച്, മുന്നിലേക്കാണ് നടക്കേണ്ടതെന്നു പഠിപ്പിച്ച നവോത്ഥാനനായകന്റെ ശബ്ദമാണ് കേരളത്തെ മാറ്റിയെടുത്തതെന്ന് പൂർണമായി വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താൻ. ഇന്ന് നാം അനുഭവിക്കുന്ന എല്ലാ പുരോഗമന ചിന്തയിലൂടെയും സാമൂഹ്യ നവോത്ഥാനത്തിലൂടെയും മുന്നിലേക്കാണ് നമ്മൾ നടക്കുന്നതെന്ന അഭിമാനബോധത്തിന്റെ കാതൽ ഗുരുദർശനമാണ്. കൊടുങ്കാറ്റ് സൃഷ്ടിക്കാൻ കഴിയുന്ന സൗമ്യതയാണ് ഗുരുദേവന്റെ സവിശേഷത.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഉദ്ബോധനം കേരളത്തിന്റെ മതമായി മാറി. കേരളം മതേതരമായതിന്റെ പൂർണ അവകാശം ഗുരുദേവനാണ്. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്ന് തന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പൻ പറഞ്ഞപ്പോൾ, അദ്ദേഹത്തിന് അങ്ങനെ പറയാമല്ലോ എന്നാണ് പ്രതികരിച്ചത്. ഗുരുദേവൻ പുലർത്തിയ ജനാധിപത്യബോധമാണ് അത് വ്യക്തമാക്കുന്നത്. ഈ ജനാധിപത്യ ബോധത്തിൽ നിന്നാണ് മതേതര ചിന്തയുണ്ടാവുന്നത്.

മാനവലോകത്തെ ചിന്തയുടെ പുതിയ ലോകത്തേക്ക് കൊണ്ടുപോകാൻ പര്യാപ്തമായ പൈതൃകമാണ് ഗുരു സമ്മാനിച്ചത്. രാഷ്ട്രീയമായി പല തീരുമാനങ്ങളുമെടുക്കുമ്പോൾ ഉറച്ച ശക്തിയായി, ചൈതന്യമായി,ആത്മവിശ്വാസമായി ആ പൈതൃകം തന്നിൽ നിറയുന്നുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ടി. സിദ്ധിഖ് വിശിഷ്ടാതിഥിയായി. ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എം.എൽ.എമാരായ വി. ജോയി, വിദ്യാബാലകൃഷ്ണൻ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും മഹാസമാധിദിനാചരണ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA