SignIn
Kerala Kaumudi Online
Thursday, 01 October 2026 1.28 AM IST

മാവേലിക്കാവിൽ  അത്യപൂർവ്വമായ മിരിസ്റ്റിക്കാ ചതുപ്പുകൾ കണ്ടെത്തി

mavelikkavu

തിരുവനന്തപുരം: ലോകത്ത് പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന അത്യപൂർവ്വവും പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ളതുമായ മിരിസ്റ്റിക്കാ ചതുപ്പുകൾ കൊല്ലം ജില്ലയിലെ പെരുംകുളത്തുള്ള മാവേലിക്കാവിൽ കണ്ടെത്തി. ഇതുവരെ ഉത്തരകേരളത്തിലെ ചില കാവുകളിൽ മാത്രം കാണപ്പെട്ടിരുന്ന ഈ പ്രത്യേക ആവാസവ്യവസ്ഥ, മദ്ധ്യകേരളത്തിനു തെക്കോട്ട് കണ്ടെത്തുന്നത് ഇതാദ്യമായാണ്.

പരിസ്ഥിതി സാഹിത്യ രചയിതാക്കളായ ആർ. വിനോദ്കുമാർ, പ്രൊഫ. ടി.ആർ. ജയകുമാരി എന്നിവർ ഒന്നര പതിറ്റാണ്ടായി നടത്തുന്ന പഠനത്തിന്റെ ഭാഗമായുള്ള കാവ് സന്ദർശനത്തിനിടയിലാണ് ഈ അപൂർവ്വ കണ്ടെത്തൽ. കൃഷിസ്ഥലങ്ങൾക്കും പാടങ്ങൾക്കും വലിയൊരു കുളത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഒന്നരയേക്കറോളം വരുന്ന മാവേലിക്കാവിലാണ് ഈ ശുദ്ധജല ചതുപ്പ് കണ്ടെത്തിയത്. ഇവിടെ പ്രധാനമായും കാണപ്പെടുന്നത് അടയ്ക്കാപ്പയിൻ വൃക്ഷങ്ങളാണ്. വെട്ടി, ചേര്, വെള്ളപ്പയിൻ, കാഞ്ഞിരം, മരോട്ടി, എടന തുടങ്ങിയ നിരവധി വൃക്ഷങ്ങളും സസ്യങ്ങളും ഈ കാവിലുണ്ട്. വളഞ്ഞുനിൽക്കുന്ന 'കുടുക്കുവേരുകൾ' ആണ് ഇതിന്റെ പ്രധാന സവിശേഷത. മരങ്ങൾ ശ്വസിക്കുന്നത് ഈ വേരുകളിലുള്ള സൂക്ഷ്മസുഷിരങ്ങൾ വഴിയാണ്.

ജൂൺ മുതൽ ജനുവരി വരെ വെള്ളക്കെട്ടായും മറ്റു സമയങ്ങളിൽ ചെളിത്തിട്ടകളായും കാണപ്പെടുന്ന ഈ മേഖലകൾ ധാരാളം ഉഭയജീവികൾക്കും ചെറുജീവികൾക്കും സുരക്ഷിതമായ ആവാസകേന്ദ്രമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ മേഖലകളുടെ വിസ്തൃതി കുറഞ്ഞുവരികയാണ്.
മാവേലിക്കാവിലെ ഈ അപൂർവ്വ ചതുപ്പുകളും നിലവിൽ വലിയ ഭീഷണിയും നാശവും നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പഠനസംഘം ചൂണ്ടിക്കാണിക്കുന്നു. പഠനസംഘത്തിൽ ശശികുമാർ, വിക്രമൻ എന്നിവരും പങ്കാളികളായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHATHUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA