
കെമുവിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
തിരുവനന്തപുരം: കേരളത്തിലെ എക്‌സൈസ് വകുപ്പ് നവീകരണത്തിന്റെ പാതയിലാണെന്നും അതിനെ ശക്തിപ്പെടുത്താൻ ഉതകുന്ന പദ്ധതിയാണ് 'കെമു'വെന്നും (കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്) എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കെമുവിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
ചെക്ക് പോസ്റ്റ് ഇല്ലാത്ത അതിർത്തികൾ വഴിയുള്ള ലഹരികടത്ത് തടയാനായാണ് 'കെമു' ആരംഭിക്കുന്നത്. ഇതിനായി 36 ലക്ഷം രൂപ ചെലവഴിച്ച് നാല് മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങി. എക്‌സൈസ് ഓഫീസർമാരടങ്ങിയ പരിശോധനാസംഘം അതിർത്തിയിലെ ഇടറോഡുകളിൽ 24 മണിക്കൂറും പ്രവർത്തിക്കും. അടുത്തഘട്ടമായി മറ്റ് അതിർത്തി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്, കർണാടക അതിർത്തികളിൽ എക്‌സൈസിന് 41 ചെക്ക്പോസ്റ്റുണ്ട്. റോഡുകളും പാലങ്ങളും വർദ്ധിച്ചതോടെ ഇവ മതിയാകാതെ വന്നു. ഇതോടെയാണ് ചെക്ക് പോസ്റ്റ് ഇല്ലാത്ത റോഡുകൾ വഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയാൻ കെമു രൂപീകരിച്ചത്. ആദ്യഘട്ടമായി തിരുവനന്തപുരം, വയനാട്, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോ യൂണിറ്റ് പ്രവർത്തിക്കും.
അമരവിള ജി.എസ്.ടി പാർക്കിംഗ് യാർഡിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ. രാജ് മോഹനൻ, എക്‌സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |