
തിരുവനന്തപുരം: ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും ഭരണത്തിലെ കാര്യക്ഷമത കൂട്ടാനും ഡിജിറ്റൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയുള്ള ഭരണപരിഷ്‌കാരത്തിന് സർക്കാർ.
ഡിജിറ്റൽ ഓഫീസ് പ്രവർത്തനത്തിലേക്കും പേപ്പർരഹിതസേവനത്തിലേക്കും മാറാനുള്ള 'ഡിജിറ്റൽ-ഫസ്റ്റ്' ഭരണരീതി പരിഷ്കാരപദ്ധതിക്ക് അംഗീകാരം നൽകി ചീഫ്സെക്രട്ടറി ബിശ്വനാഥ്സിൻഹ ഉത്തരവിറക്കി.
പൊതുജനങ്ങളായാലും ബിസിനസ് സംരംഭകരായാലും ഒരേ വിവരവും ഒരേ രേഖയും പലവട്ടം പല ഓഫീസുകൾ കയറിഇറങ്ങി ബോധിപ്പിക്കേണ്ടിവരുന്ന അവസ്ഥയിലാണ് നിലവിലെ ഭരണ സംവിധാനം.
. 'ഡിജിലോക്കർ' അടക്കം ഉപയോഗപ്പെടുത്തി ഓഫീസുകളിലെ ഇത്തരം അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കും. ഒരു വകുപ്പിന്റെ കൈവശമുള്ള രേഖ മറ്റൊരു വകുപ്പിന് നേരിട്ട് ലഭ്യമാക്കി ജനങ്ങൾക്കുളള സേവനം അതിവേഗം നൽകാൻ കഴിയും.
നിലവിലെ നിയമങ്ങളും ചട്ടങ്ങളും പേപ്പർഅധിഷ്‌ഠിതമായതിനാൽ തീരുമാനമെടുക്കാൻ ഒന്നിലേറെ ഓഫീസുകളിൽ ഫയലുകൾ കൈമാറേണ്ടി വരുന്നു. സേവനങ്ങൾക്കായി ജനങ്ങൾ അവിടെയെല്ലാം പലതവണ കയറിയിറങ്ങേണ്ടിയും വരുന്നു.
ഡിജിലോക്കർ അധിഷ്‌ഠിതമായ 'വൺസ്-ഒൺലി' ഡേറ്റ പങ്കിടൽ രീതി നടപ്പാക്കുന്നതോടെ ഈ വട്ടംകറക്കൽ അവസാനിക്കും. ഓൺലൈൻ അപേക്ഷാ സംവിധാനങ്ങൾ ഡിജിലോക്കറുമായി ബന്ധിപ്പിക്കും. വിശ്വസനീയമായ ഡിജിറ്റൽരേഖ ലഭ്യമായാൽ അതേ രേഖയുടെ ഫോട്ടോകോപ്പിയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ആവശ്യപ്പെടുന്നത് ഒഴിവാക്കും.
ഒരേവിവരമോ രേഖയോ ഒന്നിലധികം സർക്കാർ ഓഫീസുകളിൽ പലവട്ടം സമർപ്പിക്കേണ്ട സാഹചര്യമൊഴിവാക്കാനാണ് 'വൺസ്-ഒൺലി-തത്വം' ("Once-Only Principle")നടപ്പാക്കുന്നത്. അടിസ്ഥാന രജിസ്റ്ററുകളും വിശ്വസനീയമായ ഡിജിറ്റൽ ഡാറ്റയും ഉപയോഗപ്പെടുത്തും. നിയമപരവും ഭരണപരവുമായ അനാവശ്യസങ്കീർണ്ണതകൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽ-ഫസ്റ്റ് ഭരണരീതി
ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ, അപേക്ഷയുടെ പുരോഗതി ഓൺലൈനായി നിരീക്ഷിക്കൽ,
ഡിജിറ്റൽ ആശയവിനിമയം, സ്വയംസേവന സംവിധാനങ്ങൾ, പേപ്പർരഹിത സേവനം എന്നിവ സാധാരണ നടപടികളാക്കും.
എല്ലാവകുപ്പുകളും സേവനങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച് പരിഷ്കാരങ്ങൾ നിർദ്ദേശിക്കണം. നിയമ-ചട്ട ഭേദഗതികളുമുണ്ടാവും. സാങ്കേതികസർവകലാശാല ഇതിനായി സാങ്കേതികസഹായം ലഭ്യമാക്കും.
കാലഹരണപ്പെട്ട
നിയമങ്ങൾ റദ്ദാക്കും
കാലഹരണപ്പെട്ടതും പ്രസക്തി നഷ്ടപ്പെട്ടതും പരസ്പരവിരുദ്ധമായ നിയമങ്ങൾ റദ്ദാക്കും, ഭേദഗതിചെയ്യും.
റവന്യൂ, വ്യവസായം, തൊഴിൽ, നഗരവികസനം,പരിസ്ഥിതി തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകിയാവും ഈപരിഷ്കാരം.
പരസ്പരവിരുദ്ധമായ വ്യവസ്ഥകൾ ഏകോപിപ്പിക്കും. ലളിതവും വ്യക്തവുമായ നിയമഭാഷ ഉപയോഗിക്കും.
അനാവശ്യ കോടതിവ്യവഹാരങ്ങളും ഭരണപരമായ തർക്കങ്ങളും ഒഴിവാക്കും. നിയമങ്ങൾ റദ്ദാക്കാനും ഏകീകരിക്കാനുമുള്ള ബില്ലുകളുണ്ടാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |