
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരള നിയമസഭയിൽ സബ്ജക്ട് കമ്മിറ്റി സംവിധാനത്തിന് വഴിതെളിച്ച കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിന്റെ 69-ാമത് സമ്മേളനത്തിന് നാളെ സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിൽ തുടക്കം. കേരളത്തിന്റെ പ്രതിനിധിയായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുക്കും. അംഗപരിമിതർക്ക് എങ്ങനെ നിയമസഭകൾ സൗകര്യപ്രദമാക്കാം, അംഗപരിമിതരുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിലെ സെമിനാറിൽ തിരുവഞ്ചൂർ സംസാരിക്കും.
1978-ൽ ടൊറന്റോയിലെ 25-ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കുമ്പോഴാണ് അന്നത്തെ സ്പീക്കർ ചാക്കീരി അഹമ്മദ്കുട്ടിയും നിയമസഭാ സെക്രട്ടറി ഡോ.ആർ. പ്രസന്നനും ബില്ലുകൾ പാസാക്കാൻ കാനഡയിൽ നിലവിലുള്ള സംവിധാനം പരിചയപ്പെടുന്നത്. നിയമനിർമ്മാണത്തിനുള്ള ബില്ലുകൾ ആഴത്തിൽ ചർച്ചചെയ്യാനുള്ള സംവിധാനം ഫലപ്രദമായി തോന്നി, നിയമനിർമ്മാണത്തിന് സബ്ജക്ട്കമ്മിറ്റി എന്ന സമ്പ്രദായം ഇവിടെയും നടപ്പാക്കുകയായിരുന്നു.
അതുവരെ നിയമസഭയിൽ കൊണ്ടുവരുന്ന ബില്ലുകൾ നേരിട്ട് പരിഗണനയ്ക്ക് എടുത്ത് ചർച്ച ചെയ്യുന്നതായിരുന്നു രീതി. പുതിയ സംവിധാനത്തിൽ ഒരു ബിൽ അവതരിപ്പിച്ചാൽ അത് സബ്ജക്ട് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാനുള്ള പ്രമേയം അവതരിപ്പിക്കുകയും അംഗങ്ങൾക്ക് ഭേദഗതി അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്ന വിശാലരീതിയിലേക്ക് മാറി. ബില്ലുകളും ധനാഭ്യർത്ഥനകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന സമിതിയായി ഇത് മാറി.
സബ്ജക്ട് കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികൾ ചാക്കീരി അഹമ്മദ്കുട്ടിയുടെ കാലത്ത് തുടങ്ങിയെങ്കിലും ആറാം നിയമസഭയുടെ കാലത്ത് 1980-മാർച്ച് 17 നാണ് സബ്ജക്ട് കമ്മിറ്റികൾ വന്നത്. എ.പി.കുര്യനായിരുന്നു അപ്പോൾ നിയമസഭാസ്പീക്കർ. തുടക്കത്തിൽ 10 സബ്ജക്ട് കമ്മിറ്റികളായിരുന്നത് പിന്നീട് 14 ആയി.
പങ്കെടുക്കുന്നവർ:
കോമൺവെൽത്ത് രാജ്യങ്ങളിലെ സംസ്ഥാനങ്ങളിലുളള സ്പീക്കർമാരാണ് ഓരോ വർഷവും വ്യത്യസ്തസ്ഥലങ്ങളിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പുറമെ രാജ്യസഭാ ഉപാദ്ധ്യക്ഷനുമുണ്ടാകും. തിരുവഞ്ചൂർ 19ന് രാത്രി തിരിച്ചെത്തും. 21 വരെയുള്ള സ്പീക്കറുടെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |