
കൊച്ചി: വൈദ്യുതിപ്രതിസന്ധിയെക്കുറിച്ച് 'പവർഫുൾ" പ്രസംഗം മനസിൽ ഉറപ്പിച്ചെത്തിയതായിരുന്നു വൈദ്യുതമന്ത്രി സണ്ണി ജോസഫ്. എന്നാൽ കെ.എസ്.ഇ.ബിയുടെ 'പവർ" പോയപ്പോൾ പ്രസംഗം പാതിവഴി ഉപേക്ഷിച്ച് മടങ്ങി. എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ 18-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വകുപ്പ്മന്ത്രി തന്നെ വൈദ്യുതിമുടക്കത്തിന് ഇരയായത്.
"അദ്ഭുതങ്ങൾ പ്രവർത്തിച്ചോ സ്വിച്ചിട്ടപോലെയോ നിറുത്താൻ കഴിയുന്ന ഒന്നല്ല വൈദ്യുതി പ്രതിസന്ധി. മുൻ സർക്കാരിന്റെ കാലത്തെ നടപടികളാണ് ഇതിന് കാരണം. വൈദ്യുതിവകുപ്പ് ഏറ്റെടുക്കുന്നത് മുൾക്കിരീടം ശിരസിലേറ്റുന്നത് പോലെയാണെന്ന് എ.കെ. ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പുഷ്പകിരീടമാക്കാനുള്ള ശ്രമത്തിലാണ് താൻ... സണ്ണി ജോസഫ് പറഞ്ഞ് മുഴുവനാക്കുംമുമ്പേ വൈദ്യുതി നിലച്ചു. വൈകിട്ട് 3.20 നായിരുന്നു സംഭവം. വേദി ഇരുട്ടിലായപ്പോൾ അല്പസമയംകൂടി തുടർന്നശേഷം മന്ത്രി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് പ്രസംഗം ഉപേക്ഷിച്ച് മടങ്ങി.
താൻ എപ്പോൾ പ്രസംഗം നിറുത്തണമെന്ന് കെ.എസ്.ഇ.ബിക്ക് കൃത്യമായി അറിയാമെന്നും അതാണ് അവർ ചെയ്തതെന്നും പിന്നീട് തമാശരൂപേണ മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പകൽ സമയത്തുണ്ടായ തടസം ഔദ്യോഗിക വൈദ്യുതനിയന്ത്രണത്തിന്റെ ഭാഗമല്ലെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |