
ചോദ്യം ചെയ്യൽ പി.എസ്.സി ആസ്ഥാനത്ത് മതിയെന്ന് കത്ത് നൽകി
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പി.എസ്.സി ചെയർമാനും അംഗങ്ങളും ഹാജരാകില്ല. പി.എസ്.സി ആസ്ഥാനത്ത് ഉദ്യോഗസ്ഥരെത്തിയാൽ മൊഴി നൽകാമെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം വഹിക്കുന്ന ഐ.ജി അജിത ബീഗത്തിന് പി.എസ് .സി സെക്രട്ടറി സാജു ജോർജ്ജ് കത്തു നൽകി. പി.എസ് .സി അംഗമെന്നത് ഭരണഘടനാ പദവിയായതിനാൽ പൊലിസ് ആസ്ഥാനത്തെത്തണമെന്ന നിർദ്ദേശം പ്രോട്ടോകോൾ പ്രകാരം അംഗീകരിക്കാനാവില്ലെന്നാണ് പി.എസ്.സി നിലപാട് .പി.എസ്.സി ആസ്ഥാനത്തെത്തി മൊഴിയെടുക്കുന്നതിൽ എസ്.ഐ.ടിക്കും എതിർപ്പില്ല. നിയമവശം കൂടി പരിശോധിച്ചാവും തീരുമാനം..
അംഗങ്ങളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാകും പി.എസ്.സി ചെയർമാൻ എം .ആർ ബൈജുവിനെ ചോദ്യം ചെയ്യുക. ആസൂത്രണ ബോർഡ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ചെയർമാൻ നേരിട്ടാണ് നടത്തിയത്. ഈ പരീക്ഷയിൽ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് എസ്.ഐ. ടി കണ്ടെത്തിയത്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് പി.എസ്.സി അംഗങ്ങൾക്ക് കൂടി ക്രൈംബ്രാഞ്ച് ഇന്നലെ നോട്ടീസ് നൽകി. ഡോ. എസ്.ശ്രീകുമാർ, ഡോ. സി.കെ.ഷാജിബ്, ഡോ . സ്റ്റാനി തോമസ് എന്നിവർക്കാണിത്. മറ്റൊരംഗം അബ്‌ദുൽ സമദ് പി.എസ്.സി ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് മറ്റൊരു ജില്ലയിലായതിനാൽ നോട്ടീസ് നൽകാനായില്ല. പി.എസ്.സി അംഗം എസ്.എ.സെയ്‌ഫിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |