
തൃശൂർ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിലൂടെ പതിനായിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ. നൂറുനാൾ കൊണ്ട് 5,000 പട്ടയങ്ങൾ നൽകാനായിരുന്നു പദ്ധതി. എന്നാൽ, പാലക്കാട്ടെ മേള പൂർത്തിയാകുന്നതോടെ പട്ടയവിതരണം 10,000 കടക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നൂറുദിന കർമ്മപരിപാടിയിൽ 25,000 അപേക്ഷകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് ഇതിനകം 30,000ത്തിലധികം തരംമാറ്റ അപേക്ഷകൾ പൂർത്തിയാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 100 ദിവസം തികയുമ്പോഴേക്കും 50,000 അപേക്ഷകൾ തീർപ്പാക്കുമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു.
ആദിവാസി, എസ്.സി, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് തങ്ങളുടെ 5, 10 സെന്റ് ഭൂമിയിൽ പൂർണ അവകാശം ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകും. പട്ടയത്തിന് അപേക്ഷിക്കാത്ത ആദിവാസികളിൽ നിന്ന് ട്രൈബൽ കോ-ഓർഡിനേറ്റർമാർ വഴി അപേക്ഷകൾ ശേഖരിക്കും. സേവനങ്ങൾ ലഭിക്കുന്നതിന് ഇടനിലക്കാരെ വയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റവന്യൂ വിജിലൻസ് സംഘങ്ങൾക്ക് കൂടുതൽ ജീവനക്കാരെയും വാഹനങ്ങളും നൽകി വില്ലേജ്, താലൂക്ക് ഓഫീസുകളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. രാജൻ ജെ.പല്ലൻ എം.എൽ.എ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |