
തിരുവനന്തപുരം: ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ മരാമത്ത് ജോലികളിൽ കാലതാമസം അനുവദിക്കില്ല. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ മരാമത്ത് പണികളിൽ പരാതിയുണ്ട്. നിർമ്മാണം ഫലപ്രദമല്ലെന്ന് കണ്ടാൽ ബദൽ തേടും. തീർത്ഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്കങ്ങൾ തുടരരുത്. സന്നിധാനത്ത് സംയുക്ത കൺട്രോൾ റൂം സ്ഥാപിക്കണം. പ്രസാദവിതരണത്തിനുളള സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണം. ബോർഡ് നേരിട്ട് നടത്തുന്ന ഇടത്താവളങ്ങളുടെ നിർമ്മാണപ്രവൃത്തി വേഗത്തിലാക്കണം. അപകടമുണ്ടാക്കുന്ന രീതിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മണിക്കൂറുകളോളം കാത്ത് നിൽക്കുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. അരവണ നിർമ്മാണത്തിനുള്ള
ശർക്കരയുടെ ലേലം ഉടൻ പൂർത്തിയാക്കണം. ദേവസ്വം പമ്പ-ചാലക്കയം റോഡിന്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് ചെയ്യാമെന്ന് അറിയിച്ചിട്ടും ബോർഡിൻ്റെ അനുമതിപത്രം ലഭിക്കുന്നത് വൈകിയെന്ന് മന്ത്രി പി.കെ.ബഷീർ വിമർശിച്ചു. 551 കോടി രൂപയുടെ റോഡ് നിർമാണപ്രവൃത്തികൾ ഏറ്റെടുക്കും. കെ.എസ്.ആർ.ടി.സി 500 സ്വകാര്യബസുകൾ ലീസിനെടുത്ത് സർവീസ് നടത്തുമെന്ന് മന്ത്രി സി.പി ജോൺ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പൂർണ്ണസജ്ജമാണെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു.
അരവണനിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമലയിൽ പൊലീസ് എ.ഐ. ക്യാമറകൾ സ്ഥാപിക്കും. സീതത്തോടിൽ പ്ലാന്റ് വന്നതോടെ കുടിവെള്ളത്തിനായി ടാങ്കർ ലോറിയെ ആശ്രയിക്കേണ്ടതില്ലെന്ന് ജല അതോറിറ്റി അറിയിച്ചു. 300 അധിക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡി.ജി.പി റവാഡ എ.ചന്ദ്രശേഖർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, വകുപ്പുദ്യോഗസ്ഥർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി കളക്ടർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |