SignIn
Kerala Kaumudi Online
Saturday, 31 October 2026 1.06 AM IST

കേരളം എങ്ങനെ പിറന്നു?

kerala

മലയാള ഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനമായി കേരളം നിലവിൽ വന്നതിന്റെ (1956 നവംബർ ഒന്ന്) സപ്തതിയാണ് നാളെ. എഴുപത് വർഷം മുമ്പുനടന്ന പ്രസ്തുത രൂപീകരണ ശ്രമത്തിന് കേരളീയർ കടപ്പെട്ടിരിക്കുന്നത് പല ശക്തികളോടാണ്,​ വ്യക്‌തികളോടും.

ഐക്യകേരളമെന്ന ആശയം ഉണ്ടായത് 1928 ഏപ്രിലിൽ എറണാകുളത്ത് കൂടിയ നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ വച്ചായിരുന്നു. മലയാളികളുടെ ഒരു സംസ്ഥാനം വേണമെന്ന അഭ്യർത്ഥന ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അവതരിപ്പിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് ആവശ്യപ്പെട്ടത്. 1928 മേയിൽ പയ്യന്നൂർ സ്വരാജ് ഹോട്ടൽ മൈതാനത്ത് കൂടിയ യോഗത്തിൽ ജവഹർലാൽ നെഹ്‌റുവായിരുന്നു പൂർണസ്വരാജ് പ്രമേയത്തോടൊപ്പം ഇക്കാര്യവും വ്യക്തമാക്കിയത്.

ഡൊമിനിയൻ സ്റ്റാറ്റസ് പോരായെന്നും പൂർണ സ്വാതന്ത്ര്യം വേണമെന്നുമുള്ള ആശയം തന്നെ അന്നു മുതൽക്കാണ് പ്രചുരപ്രചാരത്തിൽ എത്തിയത്. അന്നുവരെ നാട്ടുരാജ്യ പ്രജാസമ്മേളനങ്ങളിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയുള്ള വിവിധ പ്രദേശങ്ങളിലെ കോൺഗ്രസുകാർ പങ്കെടുത്ത് കാര്യങ്ങൾ ചർച്ചചെയ്തിരുന്നു.

1792ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരമാണ് മലബാർ ജില്ല ഉണ്ടാകുന്നത്. പാലക്കാട് ചിറ്റൂരിലെ തത്തമംഗലത്ത് അടുത്തകാലം വരെ 'സി' എന്ന മൈൽകുറ്റി കാണാമായിരുന്നു. അവിടം മുതൽ എറണാകുളം പുത്തൻകുരിശുവരെയായിരുന്നു കൊച്ചി നാട്ടുരാജ്യം. അതിന് തെക്ക് കന്യാകുമാരി വരെ തിരുവിതാംകൂറും. തത്തമംഗലം മുതൽ മംഗലാപുരം വരെയാണ് പഴയ മലബാർ. ഈ മൂന്ന് പ്രദേശങ്ങളുടെ ലയനമാണ് കേരളപ്പിറവി കൊണ്ട് അർത്ഥമാക്കുന്നത്- കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങളും മലബാർ എന്ന ബ്രിട്ടീഷ് ജില്ലയും.

ഐക്യ കേരള

പ്രമേയങ്ങൾ

കൊച്ചിയിലെ പ്രജാമണ്ഡലമടക്കമുള്ള സംഘടനകൾ യോഗം ചേരുമ്പോഴൊക്കെ ഐക്യകേരള പ്രമേയങ്ങൾ പാസാക്കപ്പെട്ടിരുന്നു. കേരള ഗാന്ധി കെ.കേളപ്പനും ഇക്കണ്ടവാര്യരും ഒക്കെ ഇത്തരം പ്രമേയങ്ങൾ അവതരിപ്പിച്ച കേരളീയരിൽ ഉൾപ്പെടും. പിൽക്കാലത്താണ് ഇ.എം.എസും മറ്റും രംഗത്തുവന്ന് മലയാളികളുടെ ഈ അഭിലാഷം ഉറപ്പിച്ചത് എന്നുമാത്രം. 1946 ജൂലായ് 29ന് കൊച്ചിയിലെ കേരളവർമ്മ മഹാരാജാവ് കൊച്ചി നിയമസഭയ്ക്ക് അയച്ച കത്തിൽ താമസംവിനാ കേരള സംസ്ഥാനം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ഐക്യകേരള പ്രസ്ഥാനം ശക്തമായതോടെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഈ വിഷയം കാര്യമായി ചർച്ച ചെയ്തിരുന്നു. 1946ൽ കെ.പി.കേശവമേനോന്റെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ ഒരു യോഗം കൂടുകയും ഐക്യകേരള പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. ഇതുപ്രകാരം 1947ൽ തൃശൂരിൽ വച്ചുള്ള യോഗം (ഏപ്രിൽ) കെ.കേളപ്പന്റെ അദ്ധ്യക്ഷതയിലാണ് നടന്നത്. കെ.പി.സി.സിയുടെ പ്രസ്തുത യോഗത്തിന് പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള കോൺഗ്രസുകാർ പങ്കെടുത്ത് ഐക്യകേരള പ്രസ്ഥാനത്തെ പ്രബലമാക്കി.

കൊച്ചി രാജാവുപോലും തൃശൂരെത്തി പ്രസംഗിച്ച് പ്രവർത്തകരായ മലയാളികളെ കോരിത്തരിപ്പിച്ചു. ഐക്യകേരള പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള പ്രമേയം കോഴിക്കോട്ടുനിന്നെത്തിയ ഇ.മൊയ്‌തു മൗലവിയാണവതരിപ്പിച്ച് പാസാക്കിയെടുത്തത്. തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനായി നൂറുപേരുടെ ഒരു സ്ഥിരം കമ്മിറ്റിയും ഉണ്ടാക്കി- കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വന്നവരുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കിക്കൊണ്ട്.

1949 ഫെബ്രുവരിയിൽ ആലുവയിലും നവംബറിൽ പാലക്കാട്ടും ഇത്തരം സമ്മേളനങ്ങൾ നടത്തിയതായി ചരിത്രകാരൻ പ്രൊഫ.എ.ശ്രീധരമേനോൻ കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം എന്നഗ്രന്ഥത്തിൽ പറയുന്നു.

തിരുവിതാംകൂർ-

കൊച്ചി സംയോജനം

ഇതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭഭായി പട്ടേൽ തന്റെ സഹായി കൂടിയായ വി.പി.മേനോനെ കേരളത്തിലേക്ക് അയയ്ക്കുകയും അദ്ദേഹം തൃപ്പൂണിത്തുറ ഹിൽപാലസിൽ എത്തി കൊച്ചി രാജാവിനെ കാണുകയുമുണ്ടായി. എനിക്ക് വർഷം തോറും ഒരു പഞ്ചാംഗം മാത്രം എത്തിച്ചാൽ മതിയെന്ന് പറഞ്ഞ് കൊച്ചി രാജാവ് തന്റെ ആസ്ഥാനമായ ഹിൽ പാലസും ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായി. വി.പി.മേനോൻ തിരുവനന്തപുരത്തെത്തി മഹാരാജാവ് ചിത്തിര തിരുനാളിനെ കണ്ട് ചർച്ച നടത്തി. ഇതുപ്രകാരം തിരുവിതാംകൂർ കൊച്ചി സംയോജനം നടത്താൻ സാദ്ധ്യമായി.

1949 ജൂലായ് ഒന്നിന് തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നു ചിത്തിര തിരുനാൾ രാജപ്രമുഖനുമായി. ഭരണഭാരം തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനും എറണാകുളത്തെ ഹൈക്കോടതി കൊച്ചിയുടെ പ്രാതിനിദ്ധ്യമായും പ്രഖ്യാപിക്കപ്പെട്ടു. സംയോജനം നടന്നപ്പോൾ ടി.കെ.നാരായണപിള്ളയായിരുന്നു തിരുവിതാംകൂറിലെ മുഖ്യമന്ത്രി. അദ്ദേഹം തിരു- കൊച്ചി മുഖ്യമന്ത്രിയായി ചാർജെടുക്കുകയും ചെയ്തു. 1951വരെ ഈ മന്ത്രിസഭ നിലവിലുണ്ടായിരുന്നു. സംഘടനയിലെ സമവാക്യങ്ങൾ ശരിയാക്കാൻ ടി.കെ രാജിവയ്ക്കുകയും. സി.കേശവൻ തിരു കൊച്ചി മുഖ്യമന്ത്രിയാവുകയും ചെയ്തു.1951-52ലെ പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കോൺഗ്രസിന്റെ എ.ജെ.ജോൺ മുഖ്യമന്ത്രിയായി.

കോൺഗ്രസിന്റെ ശക്തി ക്ഷയിക്കാൻ മറ്റൊരു പ്രധാന കാരണം കന്യാകുമാരി ജില്ല ഇല്ലാത്ത കേരള സംസ്ഥാനത്തെ പലരും എതിർത്തതാണ്. ടി.എം.വർഗീസ്, കെ.എം.കോര, ജി.ചന്ദ്രശേഖരപിള്ള, മക്കപ്പുഴ വാസുദേവൻപിള്ള, കെ.എൻ.ശങ്കുണ്ണിപിള്ള, ചമ്പക്കുളം നാരായണക്കുറുപ്പ് എന്നിവരുടെ എതിർപ്പ് കോൺഗ്രസിന്റെ സീറ്റ് കുറച്ചു. ഇതുമൂലം 1954ലെ തിരുകൊച്ചി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 118ൽ 45 സീറ്റ് മാത്രമാണ് ലഭിച്ചത്. നിയമസഭയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്ന 19 സാമാജികരെ ചേർത്ത് 1954 മാർച്ച് 17ന് പട്ടം താണുപിള്ള സർക്കാർ ഉണ്ടായി.

പക്ഷേ, കന്യാകുമാരിക്ക് വേണ്ടിയുള്ള സമരം അക്രമാസക്തമായി. മാർത്താണ്ഡത്ത് നടന്ന വെടിവയ്പിൽ ഏഴുപേർ കൊല്ലപ്പെട്ടതോടെ പട്ടം മന്ത്രിസഭ രാജിവച്ചു. 1955 ഫെബ്രുവരിയിലെ ധാരണപ്രകാരം തമിഴ്‌നാട് കോൺഗ്രസിന്റെ പിന്തുണ നേടി പനമ്പിള്ളി ഗോവിന്ദമേനോൻ നയിച്ച കോൺഗ്രസ് അധികാരമേറ്റു. പക്ഷേ, ഉൾപ്പാർട്ടി പ്രവർത്തനങ്ങൾ പനമ്പിള്ളിയെ താഴെയിറക്കി. സംസ്ഥാനത്ത് ആദ്യത്തെ രാഷ്ട്രപതി ഭരണം നടപ്പായി. 1956ലെ തീരുമാനപ്രകാരം ഭാഷാടിസ്ഥാന സംസ്ഥാനങ്ങൾ ഉണ്ടാക്കിയപ്പോൾ തമിഴ്‌ സംസാരിക്കുന്ന തോവാള, കൽക്കുളം, വിളവങ്കോട്, അഗസ്‌തീശ്വരം എന്നീ നാലു താലൂക്കുകൾ ചെങ്കോട്ടയോടൊപ്പം തമിഴ‌്‌നാട്ടിൽ ലയിപ്പിച്ചു. കാസർകോടും ഭാഷാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു.

ബ്രിട്ടീഷ് പതാക താഴ്‌ന്നതോടെ മലബാർ ഭരണം നാട്ടുകാരിലെത്തി. മലബാർ ജില്ലാ ഭരണം നിലവിൽ വന്നപ്പോൾ 1954ൽ പി.ടി.ഭാസ്കരപ്പണിക്കർ ജില്ലാ ബോർഡ് പ്രസിഡന്റായി. അദ്ദേഹത്തിന്റെ ഭരണപാടവം മൂലം കമ്മ്യൂണിസ്റ്റുകൾ ഭരിച്ചാലും കുഴപ്പമില്ല എന്ന ധാരണ പരന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരം നേടിക്കൊടുത്തു. രാജപ്രമുഖൻ ആയിരുന്ന ചിത്തിര തിരുനാൾ അധികാരം വിട്ടു. രാമകൃഷ്ണറാവു ആദ്യത്തെ കേരള ഗവർണറുമായതോടെ ഭാഷാടിസ്ഥാനത്തിലുള്ള കേരളത്തിന്റെ പിറവിയായി. കേരള എന്ന പദം മാറ്റി കേരളം ആക്കിയത് അടുത്ത കാലത്താണ്. അതോടെ നൂറു ശതമാനം കേരളീയമായി നാം.

(പ്രമുഖ ചരിത്രകാരനും പൈതൃക പഠനകേന്ദ്രം മുൻ ഡയറക്ടർ ജനറലുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA