
സ്വതന്ത്രസമിതി വേണമെന്ന് ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെത്തുടർന്ന് തീരശോഷണം സംഭവിച്ചെന്ന പരാതി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ അന്തിമറിപ്പോർട്ട് നിഷ്പക്ഷമല്ലെന്ന് ഹൈക്കോടതി. റിപ്പോർട്ടിൽ യാതൊരു തുടർനടപടിയും പാടില്ല. നിഷ്പക്ഷ അംഗങ്ങളെ ഉൾപ്പെടുത്തി സ്വതന്ത്രസമിതി രൂപീകരിക്കണമെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഉത്തരവിട്ടു.
തുറമുഖ നിർമ്മാണം കാരണം സ്ഥലവും തൊഴിലും നഷ്ടപ്പെട്ടെന്ന മത്സ്യത്തൊഴിലാളികളുടെ ഹർജിയിലാണ് വിധി. കടലാക്രമണത്തിന് ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങളാണ് കാരണമെന്നായിരുന്നു സമിതിയുടെ പ്രധാന കണ്ടെത്തൽ. വികസനപ്രവർത്തനവുമായി ഇതിന് ബന്ധമില്ലെന്നും വിലയിരുത്തി.
സമിതിഅംഗങ്ങൾക്ക് പദ്ധതിയുമായി വ്യക്തിപരമായ താത്‌പര്യങ്ങളുണ്ടെന്ന ഹർജിക്കാരുടെ വാദം ശരിവച്ചു. സമിതി അദ്ധ്യക്ഷൻ എം.ഡി. കുഡാലെ 2012 മുതൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സാങ്കേതികസമിതിയിൽ അംഗമായിരുന്നുവെന്നത് കോടതി ഗൗരവമായെടുത്തു. പദ്ധതിയുമായി നേരത്തെ ബന്ധമുള്ളയാളെ സമിതിയിൽ ഉൾപ്പെടുത്തിയത് ഉചിതമായില്ലെന്നും നിരീക്ഷിച്ചു. മറ്റൊരു അംഗമായ ഡോ. പി.വി. ചന്ദ്രമോഹൻ അദാനി ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന കമ്പനിയുടെ ഭാരവാഹിയാണെന്ന ആരോപണവും കണക്കിലെടുത്തു. 2023ൽ ഒരുതവണ മാത്രമാണ് സമിതി സ്ഥലപരിശോധന നടത്തിയതെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയിരുന്നു. തുടർവികസനം നിറുത്തിവയ്ക്കണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചിരുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ 2022 ഒക്ടോബർ 6ലെ ഉത്തരവ് പ്രകാരമാണ് സമിതി രൂപീകരിച്ചത്. പദ്ധതിക്ക് പരിസ്ഥിതി, തീരനിയമ ക്ലിയറൻസ് ലഭിച്ചതാണെന്നും റിപ്പോർട്ട് സ്വീകാര്യമല്ലെങ്കിൽ ഹരിത ട്രൈബ്രൂണലിനെയാണ് സമീപിക്കേണ്ടതെന്നും സർക്കാരും വിഴിഞ്ഞം തുറമുഖ കമ്പനിയുമടക്കം വാദിച്ചു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |