SignIn
Kerala Kaumudi Online
Saturday, 31 October 2026 1.05 AM IST

കിഫ്ബി ഭൂമിക്കൊള്ള: കല്ലുവെട്ട് കുഴി വാങ്ങിക്കൂട്ടിയതിലെ റിയൽഎസ്റ്റേറ്റ് ബന്ധം അന്വേഷിക്കും ഉത്തരവിറക്കി ആഭ്യന്തര സെക്രട്ടറി

kif

തിരുവനന്തപുരം: പദ്ധതികളൊന്നുമില്ലാതിരുന്നിട്ടും വ്യവസായ വികസനത്തിനെന്ന പേരിൽ 2489 കോടി മുടക്കി കണ്ണൂരിലെ കല്ലുവെട്ട് കുഴികളായ ആയിരം ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയതിനു പിന്നിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളും വിജിലൻസ് അന്വേഷിക്കും.

ഏറ്റെടുക്കൽ തീരുമാനം പുറത്തുവരുന്നതിന് മുമ്പായി കല്ലുവെട്ട്കുഴി മേഖലയിൽ നിസാര വിലയ്ക്ക് വ്യാപകമായി ഭൂമി കൈമാറ്റം നടന്നിരുന്നു.

വിപണിവിലയേക്കാൾ അഞ്ചിരട്ടി നൽകി ആ ഭൂമി ഏറ്റെടുക്കാൻ മൂല്യനിർണയത്തിൽ നടന്ന അട്ടിമറിയും അന്വേഷിക്കും. റിയൽ എസ്റ്റേറ്റ് ഇടപാടുകളും നിക്ഷിപ്ത താത്പര്യങ്ങളും അന്വേഷണ പരിധിയിലുൾപ്പെടുത്താൻ ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി മിൻഹാജ് അലം ഇറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു. ഉത്തരവ് ഇന്നലെ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന് കൈമാറി. ഭൂമിയേറ്റെടുപ്പിലെ കള്ളക്കളികൾ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടികളിലെ ക്രമക്കേട് സമഗ്രമായി അന്വേഷിക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.

ബഹുമുഖ വ്യവസായ മേഖലകൾ സ്ഥാപിക്കുന്നതിനായി 2018 ഒക്ടോബർ 25നുചേർന്ന കിഫ്ബിയുടെ മുപ്പത്തിമൂന്നാമത് യോഗം പാലക്കാട് 470 ഏക്കറും കണ്ണൂരിൽ 4896 ഏക്കറും ചേർത്ത് മൊത്തം 5336ഏക്കർ ഭൂമി 12710കോടിക്ക് ഏറ്റെടുക്കാൻ അനുവാദം നൽകിയിരുന്നു.

ഇത്രയും ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമോ സാമ്പത്തിക പ്രായോഗികതയോ ചൂണ്ടിക്കാട്ടുന്ന യാതൊരു രേഖയും കിഫ്ബിക്കു മുന്നിൽ ഉണ്ടായിരുന്നില്ല. നടപ്പാക്കാൻ വ്യക്തവും ലാഭകരവുമായ വാണിജ്യ പദ്ധതികളും ഇല്ലായിരുന്നു. കിൻഫ്ര സമർപ്പിച്ച ആശയക്കുറിപ്പ് പിടിവള്ളിയാക്കിയാണ് ഭൂമി ഏറ്റെടുത്തത്. കിഫ്ബി ചട്ടപ്രകാരം മന്ത്രിസഭാ തീരുമാനമോ ബഡ്‌ജറ്റ് പ്രഖ്യാപനമോ ഇല്ലാതെ ഭൂമിയേറ്റെടുക്കാനാവില്ല. ഭൂമിയേറ്രെടുക്കാനുള്ള തീരുമാനം വ്യവസ്ഥകൾ ലംഘിച്ചുള്ളതാണെന്നതും അന്വേഷിക്കും. സാമ്പത്തിക ജാഗ്രത, ഉത്തരവാദിത്തം, പൊതുഫണ്ടുകളുടെ വിനിയോഗം എന്നിവ സംബന്ധിച്ച് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.

വ്യക്തമായ വാണിജ്യ പദ്ധതിഘടനയോ സാമ്പത്തിക ന്യായീകരണമോ ഇല്ലാതെ ഭൂമിയേറ്റെടുത്തത് പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.

അന്വേഷണം ഇവയിലേക്കും

1. വിപുലമായ ഭൂമിയേറ്റെടുപ്പിനുള്ള യുക്തി, മാനദണ്ഡം

2.ഭൂമിയുടെ വിലയും നഷ്ടപരിഹാരവും നിർണയിക്കുന്നതിലെ പാളിച്ച

3.ഭൂമിയുടെ മൂല്യനിർണയത്തിലെ ക്രമക്കേട്, കൃത്രിമങ്ങൾ

4.വിപുലമായ ഭൂമി ഏറ്റെടുക്കൽ തീരുമാനത്തിന്റെ പശ്ചാത്തലം

5.ഭൂമിയേറ്റെടുത്ത സാഹചര്യങ്ങളും സാമ്പത്തിക ഘടനയും

കല്ലുവെട്ട് കുഴിക്ക്

ഏക്കറിന് 2.49കോടി!

ഏക്കറിന് 2.49കോടി രൂപയ്‌ക്കാണ് കല്ലുവെട്ടിയതും വേസ്റ്റിട്ട് നിറച്ചതുമായ ഭൂമി വാങ്ങിക്കൂട്ടിയത്. വിപണിവിലയുടെ അഞ്ചിരട്ടിയാണിത്. നിർമ്മാണം അസാദ്ധ്യമാണിവിടെ. ബാങ്ക് വായ്പയ്ക്കായി സമീപിച്ചപ്പോൾ അഞ്ചിലൊന്ന് പോലും കിട്ടിയില്ല. ഭൂമിവാങ്ങാനെടുത്ത വായ്പാതിരിച്ചടവും പലിശയും സർക്കാരിന് വമ്പൻബാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIFFBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA