SignIn
Kerala Kaumudi Online
Saturday, 31 October 2026 1.31 AM IST

പി.എസ്.സി ക്രമക്കേട് ; ചെയർമാനും അംഗങ്ങളും പ്രതികൾ

psc

തിരുവനന്തപുരം: പരീക്ഷാ, നിയമന ക്രമക്കേടുകളിൽ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജുവിനെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി ക്രൈംബ്രാഞ്ച്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമന ക്രമക്കേടിന് രജിസ്റ്റർചെയ്ത കേസിലാണിത്. ഇതോടെ, ചെയർമാനും ചില അംഗങ്ങളും കൂടുതൽ ഉദ്യോഗസ്ഥരും അറസ്റ്റിലാവുമെന്ന് ഉറപ്പായി. ഇവരെ പ്രതികളാക്കുമെന്ന് 'കേരളകൗമുദി' വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ, നിയമന ക്രമക്കേടിൽ പി.എസ്.സിയിലെ അഡി. സെക്രട്ടറി ആർ.ഹരിയെ എറണാകുളത്ത് നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. റിട്ട.ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷ് റിമാൻഡിലായതിന് പിന്നാലെയാണിത്. മൂന്നു ദിവസം കോയമ്പത്തൂരിലെ യോഗകേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് പിടികൂടിയത്. ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതല ഹരിക്കായിരുന്നു.

അടുത്ത പി.എസ്. സി സെക്രട്ടറിയാവേണ്ട ഉദ്യോഗസ്ഥനാണ്. രാത്രിവൈകി തിരുവനന്തപുരത്ത് എത്തിച്ച ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആദ്യമായി സി.പി.എമ്മിന്റെ പേരും എഫ്.ഐ.ആറിൽ ഇടംപിടിച്ചു. ചെയർമാനും മെമ്പർമാർക്കും സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ടവരായ ഫിഷറീസ് സർവകലാശാലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അനർഹമായ റാങ്ക് ലഭ്യമാക്കി. അതുവഴി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനാവസരം നിഷേധിച്ച് പ്രതികൾ അന്യായമായ നേട്ടം ഉണ്ടാക്കി. കമ്മിഷന്റെ വിശ്വാസതയ്ക്ക് കോട്ടം വരുത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആർ.അധികാരം ദുരുപയോഗം ചെയ്ത് യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയെന്നും എഫ്.ഐ.ആറിലുണ്ട്.

ഉദ്യോഗാർത്ഥിയായ നേമം സ്വദേശി ശശികുമാറിന്റെ പരാതിയിലാണ് കേസ്. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിൽ പി.എസ്.സി ജീവനക്കാരന്റെ ഭാര്യയായ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥിക്ക് നിയമനം നൽകിയതിനും കേസെടുത്തു. നെടുമങ്ങാട് സ്വദേശി സുനിത്തിന്റെ പരാതിയിലാണ് കേസ്.

പി.എസ്.സി സെക്രട്ടറി സാജുജോർജ്ജിനെ ഇന്ന് ചോദ്യംചെയ്യും. പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യംചെയ്യും. 12 കമ്മിഷനംഗങ്ങൾക്ക് തിങ്കളാഴ്ച മുതൽ ചോദ്യംചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകി. അന്വേഷണ സംഘത്തിൽ എസ്.പിമാരായ ഷാഹുൽഹമീദ് (എറണാകുളം), വി.ജി രവീന്ദ്രനാഥ്, ഡിവൈ.എസ്.പി വി.ടി റാഷിദ് എന്നിവരടക്കം കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി.

ചുമത്തിയത് ജീവപര്യന്തം കിട്ടാവുന്ന വകുപ്പ്

1 പൊതുസേവകർ നടത്തുന്ന വിശ്വാസവഞ്ചന, സാമ്പത്തികതിരിമറി എന്നിവയ്ക്കുള്ള ഐ.പി.സി -409 ആണ് മുഖ്യകുറ്റം. ജീവപര്യന്തമോ, 10വർഷം വരെ തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റമാണിത്. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. സ്റ്റേഷൻജാമ്യം കിട്ടില്ല. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാവും വിചാരണ

2 അഴിമതിനിരോധന നിയമത്തിലെ സെക്ഷൻ7(സി), 13(1)(എ)വകുപ്പുകളും ചുമത്തി. പൊതുസേവകരുടെ അഴിമതി, കൈക്കൂലി, പദവി ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക തിരിമറി എന്നിവയാണ് കുറ്റം. 5 മുതൽ 10വർഷംവരെ തടവും പിഴയും ലഭിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA