
കൊച്ചി:ബിരുദദാനചടങ്ങിന്റെ ശോഭകെടുത്തി എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം. ഉദ്ഘാടകനായ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി.എം.ജോൺ ബിരുദദാനം നടത്താതെ വേദിവിട്ടു. കാലടിശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിൽ വൈസ് ചാൻസലർ ഡോ.സിസതോമസിന്റെ ശവമഞ്ചമൊരുക്കി സമരംചെയ്ത 16എസ്.എഫ്.ഐ പ്രവർത്തകരുടെ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംസ്കൃതസർവകലാശാലയിലെയും മഹാരാജാസിലെയും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. മന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ ബാൽക്കണിയിൽ കൂറ്റൻബാനർ ഉയർത്തിക്കെട്ടി പ്ളക്കാർഡുകളുമായി പ്രതിഷേധക്കാർ നിരന്നു. പ്രസംഗം അവസാനിപ്പിച്ചപ്പോഴേക്കും
വിദ്യാർത്ഥിസംഘം സ്റ്റേജിലെത്തി മന്ത്രിയെ വളഞ്ഞ് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. ചടങ്ങ് കഴിഞ്ഞ് മറുപടി നൽകാമെന്ന് പറഞ്ഞിട്ടും വിദ്യാർത്ഥികൾ വഴങ്ങിയില്ല. പ്രതിഷേധം കനത്തതോടെ മന്ത്രി വേദിവിട്ടു. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് തുനിഞ്ഞെങ്കിലും മന്ത്രി വിലക്കി. ഗുണ്ടായിസത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് മന്ത്രി പ്രതികരിച്ചു.
മഹാരാജാസിൽ ഗവേഷണപഠനം നടത്തി ഡോക്ടറേറ്റ് ലഭിച്ച 30പേർ ഉൾപ്പടെ 500ലേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കാനെത്തിയിരുന്നു. ഗവേണിംഗ് കൗൺസിൽ ചെയർമാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അദ്ധ്യക്ഷനായി. കേരളത്തിലെഏക ഗവ.ഓട്ടോണമസ് കോളേജായ മഹാരാജാസിലെ ബിരുദദാനചടങ്ങിന് എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡി. മാവൂതിനെ ക്ഷണിച്ചുമില്ല. പ്രൊഫ.ഡി.മാവൂതിനെ ഗവർണർനിയമിച്ചതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |