
തിരുവനന്തപുരം: എൽ.ഡി.എഫ് ഭരണകാലത്ത് കരാർ അടിസ്ഥാനത്തിലുള്ള എൻ.എച്ച്.എമ്മിലെ ജീവനക്കാരുടെ നിയമനം പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം. സംസ്ഥാനത്താകെ 1,425 ജീവനക്കാരാണ് യോഗ്യതാ മാനദണ്ഡത്തിന്റ പേരിൽ പുറത്തായത്. കരാർ നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ചാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത്തരത്തിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും യോഗ്യത നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിക്കേണ്ടതാണെന്ന ഉത്തരവാണ് ഇറക്കിയത്.
വിദ്യാഭ്യാസ-പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട അഡീഷണൽ സെക്രട്ടറിയുടെയോ ജോയിന്റ് സെക്രട്ടറിയുടെയോ മേൽനോട്ടത്തിൽ നടത്തണം. സർട്ടിഫിക്കറ്റ് നൽകിയ അതത് അതോറിറ്റികളിൽ നിന്ന് അവയുടെ ആധികാരികതയും സ്ഥിരീകരിക്കണം. ചട്ടം ലംഘിച്ച് ജീവനക്കാരെ നിയമിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് എതിരെയും കർശനമായ നിയമനടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
17,000 ഓളം ജീവനക്കാരാണ് സംസ്ഥാനത്താകെ എൻ.എച്ച്.എമ്മിൽ ജോലി ചെയ്യുന്നത്. ആരോഗ്യവകുപ്പ് കരാർ പുതുക്കാതിരുന്നതോടെ ഡോക്ടർമാരുൾപ്പെടെ ഒറ്റയടിക്ക് ആയിരത്തിലേറെ പേർ പുറത്തായി. വ്യാപക ക്രമക്കേട് നടന്നെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |