SignIn
Kerala Kaumudi Online
Tuesday, 09 June 2026 7.58 AM IST

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് വയോധികയെ കാണാതായി, വ്യാപക നാശനഷ്ടം

READ ENGLISH VERSION
kerala-rain-

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. തിരുവല്ല, കോന്നി എന്നീ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. നാരങ്ങാനത്ത് ഏഴുപത്തിയഞ്ചുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.

ഇന്നലെ രണ്ട് മണിക്കൂറിനിടെ പത്തനംതിട്ടയിൽ 210 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇവിടെ ലഘുമേഘവിസ്‌ഫോടനമുണ്ടായ സാദ്ധ്യതയും വിഗ്ദ്ധർ തള്ളിക്കളയുന്നില്ല. കോഴഞ്ചേരി കൊട്ടതട്ടി മലയിൽ ഉരുൾപ്പൊട്ടി. ചെന്നീർക്കരയിലും ഉരുൾപ്പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. പത്തനംതിട്ട തിരുവല്ല പാതയിലും, പുനലൂർ മൂവാറ്റുപ്പുഴ പാതയിലും കോന്നി, വകയാർ, കൂടൽ എന്നീ സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുഴിലിക്കോട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായി.

ഇന്നലെ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശബരിമല സന്നിധാനത്തും കാനന മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിലെ കുമളി മൂന്നാർ പാതയിൽ മരങ്ങളും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കുമളി തൂക്കുപാലത്തിന് സമീപത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് ഭാഗത്തും മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചു.

തിരുവനന്തപുരത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്. ശക്തമായ മഴയിൽ പലയിടത്തും റോഡിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. ചാക്കയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓട നിർമ്മാണത്തിന് ഒരു വശത്തെടുത്ത കുഴിയിൽ വെള്ളം നിറഞ്ഞു. കുഴിയെടുത്തതിന്റെ വശത്തുള്ള മണ്ണും ചെറിയ രീതിയിൽ ഇടിഞ്ഞ് കുഴിയിലേക്ക് വീഴുന്നുണ്ട്. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ഗൗരീശപട്ടം പാലം പൂർണമായും മുങ്ങി. മഴയെ തുടർന്ന് തീരപ്രദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.

മഴ തുടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയാണുള്ളത്. പത്തനംതിട്ട ജില്ലയിൽ ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരത്തും ഇടുക്കിയിലും ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്
23-11-2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്
24-11-2023 : എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALARAIN, RAIN, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA