
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ റെഗുലർ ക്ലാസിന് തുല്യമായ ഗുണമേന്മയെന്ന് വൈസ് ചാൻസലർ പ്രൊഫ. വി.പി ജഗതിരാജ്. ഓപ്പൺ യൂണിവേഴ്സിറ്റിയെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാൽ വിദ്യാർത്ഥികൾ സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ്.
യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ പരീക്ഷകൾ കൃത്യസമയത്ത് നടക്കുകയും ഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. പ്രവേശനം മുതൽ ബിരുദദാനം വരെയുള്ള ഘട്ടങ്ങൾ അക്കാഡമിക കലണ്ടർ അനുസരിച്ചാണ് പുരോഗമിക്കുന്നത്.
യൂണിവേഴ്സിറ്റിയുടെ കൗൺസലിംഗ് ക്ലാസുകളും കൈകാര്യം ചെയ്യുന്നത് യു.ജി.സി നിർദ്ദേശിച്ച യോഗ്യതയുള്ള അദ്ധ്യാപകരാണ്. കോളേജുകളിൽ റെഗുലർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അതേ അദ്ധ്യാപകരാണ് ഓപ്പൺ യൂണിവേഴ്സിറ്റിയിലും ക്ലാസെടുക്കുന്നത്. വിഷയ വിദഗ്ദ്ധർ തയ്യാറാക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള പഠനസാമഗ്രികളും യൂണിവേഴ്സിറ്റി നൽകുന്നു.
ഇതോടൊപ്പം റെക്കോർഡ് ചെയ്ത വീഡിയോ ക്ലാസുകളും ലഭ്യമാക്കുന്നുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ രാജ്യത്തെ കേന്ദ്ര,സംസ്ഥാന,ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദങ്ങൾക്ക് തുല്യവും തുല്യ വെയിറ്റേജുള്ളതാണ്. ഉന്നതപഠനത്തിനും കെ.പി.എസ്.സി,യു.പി.എസ്.സി ഉൾപ്പടെയുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ,സ്വകാര്യ,വിദേശ ജോലികൾക്കും ഈ സർട്ടിഫിക്കറ്റ് അംഗീകൃതമാണ്. കൂടാതെ,കേരളത്തിലുടനീളം അഞ്ച് റീജിയണൽ കേന്ദ്രങ്ങളും 79 പഠനകേന്ദ്രങ്ങളും നൂറിലധികം പരീക്ഷാകേന്ദ്രങ്ങളും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജഗതിരാജ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |