SignIn
Kerala Kaumudi Online
Monday, 09 November 2026 10.53 AM IST

പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകമെന്ന് മന്ത്രി: കേരളത്തിലെ പരിശോധന തുടരും

anoop-jacob
മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് മന്ത്രി അനൂബ് ജേക്കബ്. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്രോക്ക് എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കും. അതിനാൽ ഈ ബഫർ സ്റ്റോക്ക് സൂക്ഷിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭക്ഷ്യഭദ്രതയെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം തീരുമാനമെടുക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയതിന് പിന്നാലെയാണ് അനൂബ് ജേക്കബിന്റെ പ്രതികരണം.

സംസ്ഥാനത്തെ പെട്രോൾ പരിശോധനയിൽ മുൻ വിധിയില്ലെന്നും പരിശോധന ഫലം പുറത്തുവന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിൽ കൂടുതൽ അളവിൽ എഥനോൾ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയോ എന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ അഞ്ചുവീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടക്കുക. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിന് 26-31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്തുന്നത്.

നിലവിൽ നടക്കുന്ന പരിശോധനയിൽ ഓയിൽ കമ്പനികളോടും പങ്കെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോളിലെ എഥനോൾ അളവ് സ്ഥിരീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ലെന്നും തുടർപരിശോധനകൾ നടത്തണമെന്നുമാണ് സർക്കാരിന്റെ നിർദേശം.

അതേസമയം, പെട്രോളിലെ എഥനോൾ ഇനിയും വർദ്ധിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ ഗോപി കഴി‌ഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇരുപതാണ് അംഗീകരിച്ചിട്ടുള്ളത്. എന്നാൽ കാലക്രമേണ ഇത് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രീയ സാദ്ധ്യതകൾ പരിശോധിച്ചാണ് ചെയ്യുന്നതെന്നും തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കർണാടകയിലും കേരളത്തിലും പരിശോധന നടത്തട്ടെ. ഇതിന് ശാസ്ത്രീയ അടിത്തറയുണ്ട്. രാഷ്ട്രീയത്തിനായി കുത്തിത്തിരിപ്പ് നടത്തിയാൽ തുരങ്കം ആർക്ക് വീഴും എവിടെ വീഴുമെന്ന് കാണാമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

English Summary

Kerala Minister Anoop Jacob expressed concern over the Centre's decision to increase ethanol content in petrol, citing possible risks to food security. He said proper arrangements must be made to preserve food grain buffer stocks used for ethanol production.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANOOP JACOB, KERALAM, KERALA PETROL ETHANOL MIXING, ETHANOL IN PETROL, KERALA PETROL ETHANOL TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA