
കൊല്ലൂർ: ആയിരം പൂർണ ചന്ദ്രദർശനത്തിന്റെ നിറവിൽ, വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദൻ ഭാര്യ സി. ശ്രീജയ്ക്കൊപ്പം അക്ഷരദേവതയ്ക്കു മുന്നിൽ പ്രാർത്ഥനാഭരിതമായി തൊഴുതുനിന്നു. എന്തെന്നില്ലാത്ത ആത്മനിർവൃതിയിൽ മനസ് നിറഞ്ഞു.
തിരക്കുകളിൽ നിന്നും ബഹളങ്ങളിൽനിന്നുംമാറി, തലേ ദിവസം തന്നെ മുകുന്ദൻ കൊല്ലൂർ മൂകാംബികയിലെത്തിയിരുന്നു. ഇതിനു മുമ്പും അക്ഷരദേവതാ സന്നിധിയിലും കുടജാദ്രിയിലെ സർവ്വജ്ഞ പീഠത്തിലുമെത്തിയിരുന്നു. 'അരവിന്ദന്റെ അതിഥികൾ,'എന്ന വിനീത് ശ്രീനിവാസന്റെ സിനിമ മൂകാംബികയിൽ ചിത്രീകരണം നടന്ന വേളയിൽ, ശ്രീനിവാസന്റെ നിർബന്ധത്തിന് വഴങ്ങി മുകുന്ദനും ഭാര്യയും ചിത്രത്തിന്റെ തുടക്കത്തിൽ മുഖം കാണിച്ചിരുന്നു.
വിവിധ ക്ഷേത്രസന്നിധികൾ സന്ദർശിച്ചശേഷം 13ന് വൈകിട്ട് മാഹിയിൽ തിരിച്ചെത്തുന്ന മയ്യഴിയുടെ ഇതിഹാസ കഥാകാരന് 14ന് വൈകിട്ട് 5.30ന് മയ്യഴി അഴിമുഖത്തെ ടാഗോർ ഉദ്യാനത്തിൽ നാടിന്റെ ആദരം സമർപ്പിക്കും. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ നേതൃത്വം വഹിക്കും.
പ്രിയ എഴുത്തുകാരൻ സ്ഥലത്തില്ലെന്നറിയാതെ, നിരവധി ആരാധകർ വിദൂരങ്ങളിൽനിന്നടക്കം നോവലിസ്റ്റിന്റെ പള്ളൂരിലെ വീടായ മണിയമ്പത്ത് ഇന്നലെ എത്തിയിരുന്നു. നിരാശയോടെ അവർ മടങ്ങുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |