
കൊച്ചി: എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കൽ നടപടികൾ രണ്ടുദിവസത്തിനകം പൂർത്തീകരിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. പെരുമ്പാവൂർ മുൻസിഫ് കോടതിയാണ് പൊലീസിന് കർശന നിർദ്ദേശം നൽകിയത്. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവ റൂറൽ എസ്.പി കുടിയൊഴിപ്പിക്കലിന് മതിയായ സുരക്ഷ നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുൻസിഫ് കോടതി നിലപാട് കടുപ്പിച്ചത്.
പതിറ്രാണ്ടുകളായി പാരിയത്ത് കാവിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം എന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഏഴു പട്ടിക ജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ കഴിഞ്ഞ ദിവസം വൻപ്രതിഷേധത്തിൽ അവസാനിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് 15ാം തവണയാണ് ശ്രമം നടന്നത്.
കോടതി വിധിയുടെ മറവിൽ കോളനിവാസികളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ പൊലീസ് നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. കുടിയൊഴിപ്പിക്കൽ വിവാദത്തിൽ നിലവിലെ പൊലീസ് നടപടിയെയും ആഭ്യന്തര വകുപ്പിനെയും മുൻമന്ത്രി പി.രാജീവ് രൂക്ഷമായി വിമർശിച്ചിരുന്നു. 2022ൽ കോടതി വിധി വന്നിട്ടും ഇത്രയും കാലം കോളനിവാസികൾക്ക് അവിടെത്തന്നെ താമസിക്കാൻ കഴിഞ്ഞത് അന്നത്തെ സർക്കാർ സ്വീകരിച്ച മാനുഷിക പരിഗണന മുൻനിർത്തിയുള്ള സമീപനം കൊണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ആഭ്യന്തര വകുപ്പ് പാവപ്പെട്ട കോളനിവാസികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. ഈ പ്രശ്നത്തിൽ സർക്കാർ നേരിട്ട് കക്ഷിയല്ലെങ്കിൽ പോലും, പൊലീസ് കാണിച്ച അമിതാവേശം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പാർട്ടി. കോളനി നിവാസികൾക്ക് ഭൂമിയും വീടും ഉറപ്പാക്കുന്നത് വരെ സമരം തുടരാനാണ് സിപിഎം തീരുമാനം. ഇന്നലെയാണ് കുടിയൊഴിപ്പിക്കൽ നടപടി നടന്നത്. പൊലീസ് ബലപ്രയോഗത്തെ കോളനി നിവാസികൾ എതിർത്തതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപ്പെട്ട് കുടിയൊഴിപ്പിക്കൽ നടപടി നിർത്തിവയ്പ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |