
തിരുവനന്തപുരം: മെസിയുടെ പേരിലെ വൻ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി.അബ്ദു റഹിമാനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടി സർക്കാർ. എസ്.ഐ.ടി അന്വേഷണം നടത്തി അഴിമതി കണ്ടെത്തിയതിനാൽ അത്
പ്രാഥമികാന്വേഷണമായി കണക്കാക്കി കേസെടുക്കാമെന്നും, ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലി സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. എന്നാൽ മന്ത്രിയായിരുന്ന കാലയളവിലെ അഴിമതിയായതിനാൽ, അഴിമതി നിരോധന നിയമത്തിലെ 17-എ വകുപ്പ് പ്രകാരം കേസിന് ഗവർണറുടെ അനുമതി വേണമെന്ന് നിയമ സെക്രട്ടറി പി.എൻ വിനോദ് നിയമോപദേശം നൽകി. ഗവർണറുടെ മുൻകൂർ അനുമതി നേടിയില്ലെന്ന കാരണത്താൽ കേസ് റദ്ദാക്കപ്പെടാനിടയുണ്ടെന്നും അറിയിച്ചു. ഇതംഗീകരിച്ചാണ് ഗവർണറുടെ അനുമതിക്ക് ഫയൽ കൈമാറിയത്. അനുമതി ലഭിച്ചാലുടൻ അബ്ദു റഹിമാനെതിരേ അഴിമതിക്കുറ്റം ചുമത്തും.
നിലവിൽ തട്ടിപ്പിന് കളമശേരിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മുൻ മന്ത്രിയെ പ്രതി ചേർത്തിട്ടില്ല. ഈ കേസിൽ അഴിമതിക്കുറ്റം കൂട്ടിച്ചേർത്ത് അബ്ദു റഹിമാനെ പ്രതിയാക്കുകയോ, പുതിയ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. അബ്ദു റഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു.ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, അതിന്റെ എം.ഡി ആന്റോ അഗസ്റ്റിൻ എന്നിവരും പ്രതികളാവുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |