
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി കൃഷിവകുപ്പ് ആവിഷ്കരിച്ച 'കതിര്‍" കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി സൂപ്പർതാരം മോഹൻലാൽ. വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും.
പദ്ധതി വലിയ വിപ്ലവമായി മാറട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. വീടിനോടു ചേർന്ന് കൃഷി ചെയ്യുന്നുണ്ട്. ഏറെ പ്രാധാന്യമുള്ള പദ്ധതിയാണിത്. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനീയമാണ്. കൃഷിയാകണം കുട്ടികളുടെ ലഹരി. മാറ്റം തുടങ്ങേണ്ടത് അവരിൽ നിന്നാണ്. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽ നിന്ന് മണ്ണിലേക്കിറങ്ങാൻ കുട്ടികൾ തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് മോഹൻലാൽ വാഗ്ദാനം ചെയ്തു.
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിര്‍ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.
അടുത്ത അദ്ധ്യയനവർഷം മുഴുവൻ വിദ്യാലയങ്ങളിലും കതിര്‍ കാർഷിക ക്ലബുകൾ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നോഡൽ ഓഫീസർമാരെ നിയമിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |