SignIn
Kerala Kaumudi Online
Thursday, 18 June 2026 4.03 PM IST

'എന്റെ ദൈവങ്ങളാണ് മുന്നിലിരിക്കുന്നത്, കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു'; മന്ത്രി ഗണേഷ് കുമാറും ഭാര്യയും ചായക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഞെട്ടലിൽ സൂര്യ

READ ENGLISH VERSION
ganesh-kumar

കൊല്ലം: വീടുവച്ച് നൽകി സുരക്ഷിതയാക്കിയെങ്കിലും സൂര്യയുടെ ക്ഷേമമന്വേഷിക്കാൻ വീണ്ടുമെത്തി മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയായ സൂര്യയും മുത്തശിയും ചേർന്ന് നടത്തുന്ന ചായക്കടയിലാണ് അപ്രതീക്ഷിതമായി മന്ത്രി എത്തിയത്. വിവരങ്ങൾ അറിഞ്ഞും തമാശകൾ പറഞ്ഞും ഏറെ നേരം മന്ത്രി ചായക്കടയിൽ ചെലവഴിച്ചു. ചായക്കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്.

'വെട്ടിക്കവല മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സൂര്യ ചായക്കട നടത്തുന്നത്. നമ്മുടെ വീട്ടിൽ വിളമ്പുന്നത് പോലെ നല്ല ഭക്ഷണമാണ് ഇവിടെ കിട്ടുന്നത്. സൂര്യയുടെ അമ്മൂമ്മയാണ് ഇതിനെല്ലാം മേൽനോട്ടം നൽകുന്നത്. ചായക്കടയിലെ ഒരു ക‌ർട്ടന് പുറകിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. പുതിയ വീട്ടിലേയ്‌ക്ക് താമസം മാറിയ ശേഷം കുട്ടിയുടെ ടെൻഷൻ മുഴുവൻ മാറി. അവൾ കൂടുതൽ സുന്ദരിയായി. ഒരു കർട്ടനപ്പുറമാണ് ജീവിതമെന്നത് നാല് വയസ് മുതൽ സൂര്യയ്‌ക്കുണ്ടായ വേദനയായിരുന്നു. അത് മാറിയപ്പോൾ അവൾ കൂടുതൽ മിടുക്കിയായി.' - മന്ത്രി പറഞ്ഞു.

'ഇത്രയും പ്രശ്നങ്ങൾക്കിടയിലും നന്നായി പഠിച്ച് അവൾ എസ്‌എൻ കോളേജിൽ അഡ്‌മിഷൻ വാങ്ങി. ഇനിയും നന്നായി പഠിച്ച് വലിയ ഉദ്യോഗസ്ഥയാവണം. ആവശ്യങ്ങൾക്കുവേണ്ടി ജനങ്ങൾ സൂര്യയെ കാണാൻ വരണം. എല്ലാത്തിനും ഞങ്ങൾ ഒപ്പമുണ്ട്. ഒന്നും പേടിക്കാനില്ല. ഞാൻ ഇനിയും ഇവിടേക്ക് വരും. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം ചെറിയ തട്ടുകടകളിൽ നിന്ന് കഴിക്കുന്നതാണ്.' - ഗണേഷ് കുമാർ പറഞ്ഞു.

അപ്രതീക്ഷിതമായി മന്ത്രി എത്തിയതിന്റെ സന്തോഷം സൂര്യയും പങ്കുവച്ചു. 'ഗണേഷ് സാർ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ബിന്ദു ചേച്ചി എപ്പോഴും വിളിക്കാറുണ്ട്. അവർ ഭക്ഷണം കഴിച്ചതിൽ ഒരുപാട് സന്തേഷം. കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.- സൂര്യ പറഞ്ഞു. തന്റെ മനസിലെ ദൈവങ്ങളാണ് ഈ മുന്നിൽ നിൽക്കുന്നതെന്നാണ് മുത്തശി പറ‌ഞ്ഞത്. മരിച്ചുപോയ സ്വന്തം മകൾ ബിന്ദുവിനെ പോലെയാണ് ബിന്ദു മേനോനെ കാണുന്നതെന്നും നിറകണ്ണുകളോടെ അവർ പറഞ്ഞു.

മന്ത്രിയാകുന്നതിന് മുമ്പാണ് കെ ബി ഗണേഷ് കുമാർ ഇടപെട്ട് സൂര്യയ്‌ക്കും മുത്തശിക്കും വീട് നിർമിച്ച് നൽകിയത്. ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട സൂര്യയും ഏക ആശ്രയമായ മുത്തശിയും അതുവരെ ചായക്കടയിലായിരുന്നു കഴിഞ്ഞിരുന്നത്. ജോസ് എന്ന അമേരിക്കൻ മലയാളിയുടെ സഹായത്തോടെയാണ് ഗണേഷ് കുമാർ ഇവർക്ക് വീടുവച്ച് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESH KUMAR, KOLLAM KOTTARAKKARA, SOORYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA