
തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് മിഴിവേകാനായി ദീപവിസ്മയങ്ങൾ ഒരുങ്ങി. ഓണാഘോഷത്തിന്റെ ആസ്ഥാനമായ കനകക്കുന്നും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നാളെ മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങിന് മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും.
ശനിയാഴ്ച്ച വൈകുന്നേരം 6.30ന് കനകക്കുന്ന് കൊട്ടാര വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഇതോടെ കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വരെയുമുള്ള നഗരവീഥികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ദീപപ്രഭയാൽ വർണാഞ്ചിതമാകും.
കൂടാതെ ഓണം കൂടാന്‍ നഗരത്തിലെത്തുന്നവരുടെ മനസ് നിറയ്ക്കാനായി ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ 31 വേദികളിലായി 8,000 കലാപ്രതിഭകളും അണിനിരക്കുന്നുണ്ട്. കേരളത്തിന്റെ തനത് നാടന്‍ കലകള്‍ മുതല്‍ മെഗാ ഫ്യൂഷന്‍ സംഗീതം വരെ വിവിധ വേദികളിലായി അരങ്ങേറും. കനകകുന്ന്, നിശാഗന്ധി, സെൻട്രൽ സ്റ്റേഡിയം, തൈക്കാട് പൊലീസ് ഗ്രൗണ്ട്, പൂജപ്പുര മൈതാനം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നീ വേദികളിലാണ് പ്രധാനമായും കലാപരിപാടികൾ അരങ്ങേറുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |