ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ. സഹോദരൻ മല്ലികാർജുനുമായി ചേർന്ന് 46 കോടി തട്ടിയെടുത്തതായി രാധ ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തി പരാതി നൽകി. ഒന്നിച്ചു താമസിച്ചിരുന്ന സമയത്ത് താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ കൈവശപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
ചെന്നൈ എ.ആർ സ്ട്രീറ്റിലെ വീട്ടിൽ രണ്ടുനിലകളിലായിട്ടാണ് സഹോദരങ്ങൾ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒപ്പിട്ടു വച്ചിരുന്ന ചെക്കുകളാണ് കൈവശപ്പെടുത്തിയതെന്നാണ് രാധയുടെ പരാതി. ബിസിനസ്, വ്യക്തിപരമായ ആവശ്യങ്ങൾക്കായി കേരളം, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യാറുണ്ട്. ഇത്തരത്തിൽ യാത്രയിലായിരിക്കേ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നു.
എ.ആർ.എസ് ഗാർഡൻ സ്റ്റുഡിയോ എന്നപേരിൽ നടത്തിയിരുന്ന ബിസിനസിന്റെ ആവശ്യങ്ങൾക്കായി സ്വകാര്യ ബാങ്കിൽ കറന്റ് അക്കൗണ്ട് തനിക്ക് ഉണ്ടായിരുന്നു. യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ ചെലവുകൾക്കായി ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ മുറിയിൽ സൂക്ഷിച്ചിരുന്നു. 2025 ജനുവരിയിൽ സ്റ്റുഡിയോയുടെ പേര് ആർ.ആർ ഗാർഡൻസ്’ എന്നാക്കി മാറ്റി. ബാങ്കിൽനിന്ന് പുതിയ ചെക്ക് ബുക്ക് വാങ്ങി. പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിറുത്തി.
കഴിഞ്ഞ സെപ്തംബർ 17ന് ബാങ്കിൽനിന്ന് ഒരു ഇ-മെയിൽ ലഭിച്ചു. പഴയ ചെക്ക് ബുക്കിലെ അഞ്ചു ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഉടൻ ബാങ്കുമായി ബന്ധപ്പെട്ടു. ചെക്കുകൾ അംബികയ്ക്ക് നൽകിയിട്ടില്ലെന്നും അതിലെ പണമിടപാട് ഉടൻ നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു എന്നുമാണ് രാധയുടെ പരാതിയിലുള്ളത്.
ആരോപണം തള്ളി അംബിക
തിരുവനന്തപുരം: തനിക്കെതിരെ സഹോദരി രാധ നൽകിയ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. ചെക്ക് താൻ തട്ടിയെടുത്തതല്ല. രാധയാണ് ചെക്കുകൾ നൽകിയത്. വസ്തു, സ്വർണം എന്നിവ രാധ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസുകളുടെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടായിരുന്നു അത്. മധുരവൊയലിലെ 50 സെന്റ് സ്ഥലം, എ.ആർ.എസ് ഗാർഡൻസ് സ്റ്റുഡിയോയിലെ വിഹിതം, ഇൻകം ടാക്‌സ് പരിശോധനയുമായി ബന്ധപ്പെട്ട് തിരികെ നൽകിയ സ്വർണത്തിൽ 1299 ഗ്രാം തട്ടിയടുത്തത് എന്നിവ സംബന്ധിച്ചായിരുന്നു കേസുകൾ. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷനിലും തിരുവള്ളൂർ കോടതിയിലും ഹെക്കോടതിയിലുമാണ് കേസുകളുള്ളത്. വ്യാജ പവർ ഒഫ് അറ്റോർണി ഉപയോഗിച്ചാണ് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത്. തർക്കം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി രാധ ഒപ്പിട്ട ചെക്ക് തനിക്ക് നൽകുകയായിരുന്നു. ചെക്ക് മടങ്ങിയതിന് രാധക്കെതിരെ പരാതി നൽകും. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |