
തിരുവനന്തപുരം: 'മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിക്കും മധുവിധുരാത്രി...
മന്ത്രിക്കും മധുവിധുരാത്രി"
അനശ്വര സംഗീതസംവിധായകൻ ആർ.കെ. ശേഖറിന് അഞ്ജലിയർപ്പിച്ച് ചെന്നൈയിലെ വിഖ്യാതമായ മ്യൂസിക് അക്കാഡമി ഹാളിൽ മന്ത്രി പി.സി. വിഷ്ണുനാഥ് ഈ ഗാനം ആലപിച്ചപ്പോൾ ശേഖറിന്റെ മകനായ വിശ്രുത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ സാക്ഷി! കൂടെ കമലഹാസൻ,ശ്രീകുമാരൻ തമ്പി, ബ്ളെസി തുടങ്ങിയ പ്രമുഖരും.
ഭരണിക്കാവ് ശിവകുമാർ രചിച്ച് തന്റെ അവസാന നാളുകളിൽ ശേഖർ ഈണമിട്ട 'ചോറ്റാനിക്കര അമ്മ"യിലെ ഈ പാട്ട് പാടിയ മന്ത്രിക്ക്
നിറഞ്ഞ കൈയടിയായിരുന്നു.
ശേഖറിന്റെ അമ്പതാം ചരമവാർഷികത്തിൽ റഹ്മാനും കുടുംബവും സംഘടിപ്പിച്ച 'എക്കോസ് ഒഫ് എ മേസ്ട്രോ" യിൽ പ്രമുഖഗായകരുമുണ്ടായിരുന്നു.
ശേഖറിനോട് മലയാളത്തിനുള്ള കടപ്പാട് വിസ്മരിക്കാനാവുന്നതല്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. തമിഴിൽ പശ്ചാത്തലസംഗീതമൊരുക്കിയെങ്കിലും അദ്ദേഹം മലയാളം പാട്ടുകൾക്കാണ് കൂടുതലും ഈണമിട്ടത്. ആ സ്മരണയിലാണ് തിരക്കുകൾക്കിടയിലും പരിപാടിയിൽ പങ്കെടുത്തതെന്ന് പി.സി. വിഷ്ണുനാഥ് കേരളകൗമുദിയോട് പറഞ്ഞു.
ആർ.കെ.ശേഖർ സംഗീതസംവിധാനം നിർവഹിച്ച 54 ഗാനങ്ങൾ രചിച്ച ശ്രീകുമാരൻതമ്പിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. കാവ്യശ്രീപുരസ്കാരം നൽകി ശ്രീകുമാരൻ തമ്പിയെ ആദരിച്ചു. ചടങ്ങ് തലമുറകളുടെ സംഗമവേദിയുമായി.
വയലാറിന്റെ വരികൾക്ക് ശേഖർ ഈണമിട്ട് യേശുദാസ് ആലപിച്ച പഴശ്ശിരാജയിലെ 'ചൊട്ടമുതൽ ചുടലവരെ" വിജയ് യേശുദാസ് പാടിയപ്പോൾ വയലാർ ശരത്ചന്ദ്രവർമ്മയും റഹ്മാനും വേദിയിലുണ്ടായിരുന്നു. ശേഖർ മലയാളത്തിൽ അരങ്ങേറിയ ചിത്രമായിരുന്നു കുഞ്ചാക്കോ സംവിധാനം ചെയ്ത പഴശ്ശിരാജ. ശ്രീനിവാസ്, ചിന്മയി, ശ്വേതമോഹൻ, ആര്യ ദയാൽ തുടങ്ങിയവർ പങ്കെടുത്തു. റഹ്മാനെ മന്ത്രി വിഷ്ണുനാഥ് കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |