
കൊച്ചി: അമേരിക്കയിലെ കാലിഫോർണിയ മിൽപിറ്റാസിലുള്ള അരിയ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സംസ്‌കൃത സമ്മേളനത്തിൽ ശ്രീനാരായണ ഗുരുവിന്റെ സാർവലൗകിക ദർശനത്തെക്കുറിച്ച് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു.
'ശ്രീനാരായണ ഗുരുവിന്റെ സർവമാനവ ദർശനവും ആഗോള സമാധാനത്തിനും സാമൂഹിക സൗഹാർദ്ദത്തിനുമുള്ള അതിന്റെ പ്രസക്തിയും" എന്ന പ്രബന്ധത്തിൽ, ആഗോള സമൂഹം നേരിടുന്ന അസമത്വം, മതവിദ്വേഷം, സാമൂഹിക വിഭജനങ്ങൾ, സാംസ്‌കാരിക സംഘർഷങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്ക് ഗുരുദേവ ദർശനം എങ്ങനെ ശാശ്വതമായ പരിഹാരമാർഗം നിർദ്ദേശിക്കുന്നുവെന്ന് വിശദീകരിച്ചു.സർവകലാശാലയുടെ അക്കാഡമിക് ജേർണലായ 'വിജ്ഞാന"ത്തിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ സ്‌കോപ്പസ് ഇൻഡക്‌സ്ഡ് ജേർണലിലും പ്രസിദ്ധീകരിക്കും.
ഗുരുദേവസന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ ഡോ. സുരേഷ്‌കുമാർ പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, അന്തർദേശീയ സമ്മേളനങ്ങൾ എന്നിവയിലൂടെ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഹരചനയിൽ പുറത്തിറങ്ങിയ 'ഹാർമണി അൺവീൽഡ്: ശ്രീനാരായണഗുരൂസ് ബ്ളുപ്രിന്റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ്, എംപവറിംഗ് മൈൻഡ്സ് ട്രാൻസ്‌ഫോമിംഗ് ലൈവ്സ്: ശ്രീനാരായണഗുരൂസ് ഫിലോസഫി ഒഫ് എഡ്യൂക്കേഷൻ ആൻഡ് സ്‌കിൽ ഡവലപ്മെന്റ് എന്നീ ഇംഗ്ളീഷ് ഗ്രന്ഥങ്ങൾ ശ്രദ്ധ നേടിയവയാണ്.
കൊല്ലം സ്വദേശിയായ ഡോ.സുരേഷ് കുമാർ മുംബയ് ആസ്ഥാനമായ സീഗൾ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമാണ്. ഇന്ത്യൻ സംസ്കാരവും ദർശനങ്ങളും കലകളും പരിപോഷിപ്പിക്കുന്നതാണ് അരിയ സർവകലാശാല.
'അമേരിക്കയിലെ അന്താരാഷ്ട്രവേദിയിൽ ശ്രീനാരായണഗുരുവിന്റെ ദർശനം അവതരിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാനകരമായ അനുഭവമാണ്'-
-ഡോ. സുരേഷ്‌കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |