SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

തിരു.ഡി.സി.സി, മണ്ഡലം കമ്മിറ്റി ഓഫീസുകൾക്ക് നേരെ ആക്രമണം: ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം:ജില്ലയിൽ ഡി.സി.സി, കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസുകൾക്ക് നേരെ ചൊവ്വാഴ്ച രാത്രി ആക്രമണം .തലസ്ഥാനത്ത് റിസർവ് ബാങ്കിന് സമീപത്തുള്ള ഡി.സി.സി ഓഫീസിന് നേരേ നടന്ന കല്ലേറിൽ ഓഫീസിന്റെ മുൻവശത്തെ വാതിലുകളുടെയും മുകൾ നിലയിലെ ജനാലകളുടെയും ചില്ലുകൾ തകർന്നു.പാറശ്ശാല നിയോജക മണ്ഡലത്തിൽപ്പെട്ട ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് അക്രമികൾ തീയിട്ടു.ഇതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകനായ ആനാവൂർ പാലിയോട് മേമല കളിയിൽവിള വീട്ടിൽ സുരേഷ് (40) അറസ്റ്റിലായി.
ചൊവ്വാഴ്ച അർദ്ധ രാത്രിക്കു ശേഷമാണ് ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായത്. പ്രധാന കവാടത്തിലെയും മുൻവശത്തെ ഗ്ലാസ് കബോർഡിലെയും ചില്ലുകൾ തകർന്നു. ഇന്നലെ രാവിലെ ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. മ്യൂസിയം പൊലീസ് കേസെടുത്ത് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. ഓഫിസ് സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ സണ്ണി ജോസഫ്, എ.പി.അനിൽകുമാർ, എം.ലിജു, കെ.എ.തുളസി,സി.പി.ജോൺ തുടങ്ങിയവർ ഡി.സി.സി ഓഫീസ് സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.സി.സി യുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപം വരെ പ്രകടനം നടത്തി.

പാലിയോട് ജംഗ്ഷനിലെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് രാത്രി 11ഓടെയാണ് തീയിട്ടത്. പഴയ ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസിനുള്ളിലെ ഫർണിച്ചറുകൾക്കും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ഫ്ളക്സ് ബോർഡുകൾക്കും തീ പിടിച്ചു. സമീപവാസികൾ തീയണച്ചതിനാൽ വലിയ നാശനഷ്ടം ഒഴിവായി. പെട്രോൾ ഒഴിച്ചാണ് തീയിട്ടതെന്നാണ് പൊലീസിന്റെ നിഗമനം.മാരായമുട്ടം പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടി കൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA