SignIn
Kerala Kaumudi Online
Thursday, 18 June 2026 3.53 PM IST

ഐ.ടി കുതിപ്പിന് 1515 കോടിയുടെ ഡിജിറ്രൽ സയൻസ് പാർക്ക് 

science

ഇന്ത്യയിൽ ആദ്യം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ടെക്നോപാർക്ക് സ്ഥാപിച്ച കേരളം,​ വ്യാവസായിക ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ പഠന,​ ഗവേഷണത്തിന് ആദ്യ ഡിജിറ്റൽ സയൻസ് പാർക്കുമായി വീണ്ടും ചരിത്രം രചിക്കുന്നു.

മംഗലപുരത്തെ ഡിജിറ്റൽ സർവകലാശാലാ കാമ്പസിനോട് ചേർന്നുള്ള 14 ഏക്കറിലാണ് 1500 കോടിയിലേറെ ചെലവു വരുന്ന പാർക്ക് സ്ഥാപിക്കുക. മൂന്ന് വർഷത്തിനകം യാഥാർത്ഥ്യമാകും.

കഴി‌ഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് അനുമതി നൽകിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് 200 കോടി രൂപയും അനുവദിച്ചു.

ഐ.ടി വ്യവസായത്തിലും വിദേശ നിക്ഷേപം ആകർഷിക്കുന്നതിലും വൻ കുതിപ്പ് സാദ്ധ്യമാക്കുന്ന ഡിജിറ്രൽ സയൻസ് പാർക്കുകൾ ലോകത്ത് അധികമില്ല.

ഡിജിറ്റിൽ യൂണിവേഴ്സിറ്റിയുടെ വ്യവസായ വികസന പതിപ്പായിരിക്കും പാർക്ക്. ചെറുകിട, ഇടത്തരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വിദഗ്ദ്ധർക്കും പാർക്കിൽ ഇടം ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, മെഡിക്കൽ ഇലക്‌ട്രോണിക്സ്, മെഡിക്കൽ മെറ്റീരിയൽസ്, ബയോടെക്‌നോളജി ഇലക്‌ട്രോണിക്സ് ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഡിജിറ്റൽ എക്സ്‌പീരിയൻസ് തിയേറ്റർ തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകും.

തുടർ നടപടികൾ

പതിനാലേക്കർ ഭൂമി ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്ളാനും വിശദമായ പദ്ധതി രേഖയും എസ്റ്റിമേറ്റും തയ്യാറാക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികളും ആരംഭിക്കും.

പാർക്കിന്റെ ലക്ഷ്യങ്ങൾ

സർവകലാശാലകളിലെ പാഠ്യവിഷയങ്ങൾ വ്യവസായിക ലക്ഷ്യങ്ങളോടെ പ്രാവർത്തികമാക്കും

ഗവേഷണ പ്രൊജക്‌ടുകൾ സമൂഹത്തിന് പ്രയോജനകരമാക്കും

ആശയങ്ങളെ ഉത്പ്പന്നങ്ങളാക്കുന്ന ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററാവും. ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വർ ഐ.ഐ.ടികളുമായി ചേർന്ന് ഇത്തരം പാർക്കുകളുണ്ട്. അവ ശാസ്ത്ര,​ സാങ്കേതിക മേഖലകൾക്ക് പൊതുവായുള്ളതാണ്. ഡിജിറ്റൽ ഗവേഷണ പഠനത്തിന് മാത്രമായിരിക്കും കേരളത്തിലെ പാർക്ക്.

ആകെ ചെലവ്

1515 കോടി രൂപ

സംസ്ഥാന വിഹിതം

200കോടി

കിഫ്ബി ഫണ്ട്

975കോടി

(ബാക്കി തുക പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ സമാഹരിക്കും)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCIENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA