SignIn
Kerala Kaumudi Online
Sunday, 08 November 2026 12.20 AM IST

എസ്.എൻ.ഡി.പി യോഗം കേന്ദ്രനിയമത്തിന് കീഴിൽ

sndp

കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂർണമായും 2013ലെ കേന്ദ്ര കമ്പനി നിയമത്തിന് കീഴിലാണെന്ന് കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട അപ്പീലിൽ തീരുമാനമറിയിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് എസ്.എൻ.ഡി.പി യോഗത്തിന് ബാധകമല്ല. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്ന വോട്ടിംഗ് രീതിക്ക് 1974ൽ അനുവദിച്ച ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും കമ്പനികാര്യ മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി അംശുമാൻ പട്നായിക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

മെമ്മോറാണ്ടം ഒഫ് അസോസിയേഷൻ, ആർട്ടിക്കിൾ ഒഫ് അസോസിയേഷൻ എന്നിവയുടെ ഭേദഗതികൾക്കും വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങൾക്കും കമ്പനി രജിസ്ട്രാറെയാണ് യോഗം സമീപിക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കു പുറത്തും എസ്.എൻ.ഡി.പി യോഗം പ്രവർത്തിക്കുന്നതിനാൽ കേന്ദ്രനിയമം തന്നെയാണ് ബാധകമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യോഗം ഏത് നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്ന് പരിശോധിക്കാൻ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്യുന്ന അപ്പീലിൽ ബന്ധപ്പെട്ട എല്ലാവരെയും കേട്ട് നവംബർ 19ന് മുമ്പ് തീരുമാനമെടുക്കാൻ സുപ്രീം കോടതിയും നിർദ്ദേശിച്ചു. എസ്.എൻ.ഡി.പി യോഗത്തെയും ചീഫ് സെക്രട്ടറിയെയും രജിസ്ട്രേഷൻ വകുപ്പ് ഐ.ജിയെയും ഉൾപ്പെടെ എട്ട് കക്ഷികളെ കേട്ടശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നവംബർ 19ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും.

സ്വാഗതാർഹം : വെള്ളാപ്പള്ളി

എസ്.എൻ.ഡി.പി യോഗം റിസീവർ ഭരണത്തിലാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് കേന്ദ്ര കമ്പനി കാര്യാലയത്തിന്റെ റിപ്പോർട്ട്. പ്രാതിനിദ്ധ്യ വോട്ടവകാശം അംഗീകരിച്ചതും സ്വാഗതാർഹമാണ്.

-വെള്ളാപ്പള്ളി നടേശൻ

ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA