SignIn
Kerala Kaumudi Online
Saturday, 04 July 2026 2.33 AM IST

എവിടെയും ഒന്നാണ് നമ്മൾ, ജീവിതത്തിലുടനീളം ഒരുമിച്ച് ഇരട്ട സഹോദരന്മാർ , ഇരുവരും ഒരേ തസ്തികയിലേക്ക്

READ ENGLISH VERSION
special

കോഴിക്കോട്: ഇരട്ടകളായ വൈശാഖും വിഷ്ണുവും നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിലും സമൻമാർ. രണ്ടുപേരും ഒരുമിച്ച് ഒരേതസ്തികയിൽ സർക്കാർ ജോലിയിൽ പ്രവേശിക്കാനൊരുങ്ങുന്നു. അതും തൊട്ടടുത്ത റാങ്കുകൾ നേടി. സഹകരണ വകുപ്പിൽ ജൂനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്‌പെക്ടറായിട്ടാണ് ജോലിയിൽ പ്രവേശിക്കുക. പി.എസ്.സി അഡ്വൈസ് മെമ്മോ കഴിഞ്ഞദിവസം ലഭിച്ചു. വിഷ്ണുവിന് 58ഉം വൈശാഖിന് 59ഉം ആണ് റാങ്ക്. ഒരേദിവസം ഒരേസമയം ജോലിയിൽ പ്രവേശിക്കണമെന്നാണ് ആഗ്രഹം. പക്ഷേ, നിയമന ഉത്തരവ് ഒന്നിച്ചു കിട്ടിയാലേ അതു സാദ്ധ്യമാവൂ.

ചാലപ്പുറം പുതുക്കുളങ്ങരയിലെ പരേതനായ വത്സന്റെയും മല്ലികയുടെയും ഇരട്ട മക്കൾ, നിലവിൽ ചേളന്നൂർ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ ജൂനിയർ ക്ലാർക്കുമാരായി ജോലി ചെയ്യുകയാണ്. ഏഴ് പി.എസ്.സി ലിസ്റ്റുകളിലുമുണ്ട് ഇരുവരും.


കൊമേഴ്സിൽ ഒരുമിച്ച് നെറ്റ് പാസായത് ഒരേ മാർക്കോടെയാണ്. കണ്ണൂർ സർവകലാശാലയിൽ നിന്നു കൊമേഴ്സിൽ പിഎച്ച്.ഡി നേടിയതും ഒരുമിച്ചുതന്നെ. പത്താംക്ലാസ് വരെ ഒരേക്ലാസ് മുറികളിലായിരുന്നു. പ്ലസ് ടുവും ഡിഗ്രിയും പി.ജിയും വ്യത്യസ്ത സ്കൂളിലും കോളേജുകളിലുമായിരുന്നെങ്കിലും വീട്ടിലെത്തിയാൽ പഠനം ഒരുമിച്ചാവും.

2017ൽ എം.കോം പഠിക്കവേ, കൊമേഴ്‌സിൽ 150 മാർക്കോടെ ഇരുവരും നെറ്റ് യോഗ്യത നേടി. തുടർന്ന് എം.ബി.എയിലും നെറ്റ് കരസ്ഥമാക്കി. കൊമേഴ്‌സിൽ ജെ.ആർ.എഫ് നേടിയ ശേഷം ഗവേഷണത്തിലേക്ക് കടന്ന ഇരുവരും കണ്ണൂർ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി പൂർത്തിയാക്കി. ഇതിനിടെ ചേളന്നൂർ ശ്രീനാരായണ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അദ്ധ്യാപകരായി രണ്ടുവർഷം. കേരള ബാങ്ക് ക്ലാർക്ക്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ മാനേജർ, ഗവ. കമ്പനി/കോർപ്പറേഷനിൽ ജൂനിയർ അക്കൗണ്ടന്റ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ക്ലാർക്ക് തുടങ്ങിയ റാങ്ക് പട്ടികകളിലും ഇരുവരും ഇടം പിടിച്ചു.

ജീവിത സഖിമാരും ഇരട്ടകൾ

ഇരുവരും വിവാഹം കഴിച്ചതും ഇരട്ട സഹോദരിമാരെയാണ്. ഭാരതിയാർ സർവകലാശാലയിലെ ഗവേഷക ഡോ. സിന്ധു ശശിയാണ് വൈശാഖിന്റെ ഭാര്യ. മകൾ: എയ്തൽ നിയോറ. തമിഴ്നാട് ടീച്ചേഴ്സ് എഡ്യുക്കേഷൻ യൂണിവേഴ്സിറ്റിയിൽ ബി.എഡ് വിദ്യാർത്ഥിനിയായ സീത ശശിയാണ് വിഷ്ണുവിന്റെ ഭാര്യ.

പഠിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു ഇരുവർക്കും. ഓരോ നേട്ടവും ഒരുമിച്ച് സ്വന്തമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതെല്ലാം യാദൃച്ഛികമായി സംഭവിച്ചതാണ്.

-പി.കെ.വൈശാഖ്, പി.കെ.വിഷ്ണു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA