
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) ആഹ്വാനം ഏറ്റെടുത്ത് കൊണാട്ട് പ്ലേസിൽ ദേശീയപതാകകളുമായി നിരന്നത് നൂറുകണക്കിന് ജെൻസികൾ. തിരംഗമാർച്ച് നിശ്ചയിച്ചിരുന്ന കൊണാട്ട്പ്ലേസിലെ സെൻട്രൽ പാർക്ക് ഉൾപ്പെടുന്ന മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും, വൻസേനാവിന്യാസമൊരുക്കിയിട്ടും സമരക്കാർ വകവച്ചില്ല. പാർക്കിന് പുറത്തെ റോഡുകളിൽ പ്രതിഷേധമിരമ്പി.
ദേശഭക്തിഗാനങ്ങളും വിപ്ലവമുദ്രാവാക്യങ്ങളുമുയർന്നു. ചെറുസംഘങ്ങൾ ദേശീയപതാക വീശി കടന്നുപോയി. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, കെ.വൈ.എസ്, ആംആദ്മി പാർട്ടി പ്രവർത്തകരെത്തിയപ്പോൾ സംഘർഷമുണ്ടായി. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. ഇടതു എം.പിമാരായ എ.എ.റഹീം, വി.ശിവദാസൻ, പി.സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ് എന്നിവരും അണിചേർന്നു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിനാൽ സമരമേഖലയിലേക്ക് എത്താനായില്ല. വൈകിട്ട് അഞ്ചിനാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. 4.45ഓടെ കരോൾബാഗിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഗാന്ധിചിത്രം പതിച്ച വെള്ള ടീഷർട്ടുമിട്ട് പുറത്തിറങ്ങിയ ഉടൻ ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. മണ്ഡിഹൗസിൽ നിന്ന് കൊണാട്ട് പ്ലേസിലേക്ക് പ്രകടനം നടത്തിയ ഐസ നേതാവ് നേഹബോറയെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. ദീപ്കെയെ കസ്റ്റഡിയിലെടുത്തതിനെ 'ഇന്ത്യ' മുന്നണി അപലപിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് തൃണമൂൽ നേതാവ് മമത ബാനർജി ആരോപിച്ചു. മാർച്ചിനെതിരെയുള്ള ഹർജിയിൽ സുപ്രീംകോടതിയും ഇടപെട്ടില്ല. ദീപ്കെ, നേഹ ബോറ എന്നിവരെക്കുറിച്ച് പൊലീസ് വിവരം നൽകുന്നില്ലെന്ന് ആരോപിച്ച് നേതാക്കൾ രംഗത്തെത്തി.
മോദി അനുകൂല മുദ്രാവാക്യങ്ങളും
കൊണാട്ട്പ്ലേസിലെ പാലികാബസാറിന് സമീപം മോദി അനുകൂലികളും സംഘടിച്ചെത്തി. മോദി അനുകൂല മുദ്രാവാക്യം മുഴക്കി. 'ജയ് ശ്രീറാം' വിളിച്ചു. സംഘർഷമൊഴിവാക്കാൻ പൊലീസിനെയും കേന്ദ്രസേനയെയും നിയോഗിച്ചു. ഏഴോടെ പൊലീസ് ഇവരെ ഒഴിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |